കോൺഗ്രസ് ഒരു സീറ്റു പോലും അർഹിക്കുന്നില്ല, പക്ഷെ ഒന്നു നൽകുമെന്ന് എഎപി

ന്യൂഡൽഹി: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ ഒരു സീറ്റ് പോലും കോൺഗ്രസ് അർഹിക്കുന്നില്ലെന്നും എന്നാൽ സംഖ്യധർമം പരിഗണിച്ച് ഏഴ് സീറ്റുകളിൽ ഒന്ന് മാത്രം കോൺഗ്രസിന് നൽകുമെന്നും ആം ആദ്മി പാർട്ടി എം.പി സന്ദീപ് പഥക്. ഇൻഡ്യ സഖ്യത്തിലെ പ്രമുഖ കക്ഷികളായ കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിൽ സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് എ.എ.പി നേതാവിന്റെ പരാമർശം.

‘‘മെറിറ്റ് അടിസ്ഥാനത്തിൽ നോക്കിയാൽ, കോൺഗ്രസ് ഡൽഹിയിൽ ഒരു സീറ്റ് പോലും അർഹിക്കുന്നില്ല. എന്നാൽ സഖ്യധർമം പരിഗണിച്ചാണ് ഞങ്ങൾ അവർക്ക് ഒരു സീറ്റ് വാഗ്ദാനം ചെയ്യുന്നത്. കോൺഗ്രസ് ഒരു സീറ്റിലും ആം ആദ്മി പാർട്ടി ആറ് സീറ്റിലും മത്സരിക്കണമെന്ന് ഞങ്ങൾ നിർദേശിക്കുന്നു. ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് ഡൽഹിയിൽ ഒരു സീറ്റുമില്ല. മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ 250ൽ ഒമ്പത് സീറ്റ് മാത്രമാണ് അവർക്ക് ലഭിച്ചത്,’’ സന്ദീപ് പഥക് പറഞ്ഞു.

നിയമസഭാ സീറ്റുകളിൽ ഭൂരിഭാഗവും നേടിയ മുൻ ഡൽഹി തെരഞ്ഞെടുപ്പുകളിൽ എഎപിയുടെ ശക്തമായ പ്രകടനം സീറ്റ് വിഭജന ചർച്ചകളിൽ പാർട്ടിയുടെ നിലപാടിന് കരുത്ത് പകരുന്നതാണ്. അതേസമയം തെരഞ്ഞെടുപ്പിൽ തുടർച്ചയായ തിരിച്ചടികൾ നേരിട്ട കോൺഗ്രസ് തലസ്ഥാനത്ത് കാലുറപ്പിക്കാനുള്ള ശ്രമത്തിലാണ്.

ഡൽഹിയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് പൂജ്യം സീറ്റുകളാണുള്ളത്. എംസിഡി തിരഞ്ഞെടുപ്പിൽ 250ൽ 9 സീറ്റും കോൺഗ്രസ് നേടിയെന്നും പഥക് പറഞ്ഞു.

More Stories from this section

family-dental
witywide