തമിഴ്നാട്ടിൽ ഇന്ത്യാ മുന്നണിയുടെ സീറ്റ് വിഭജനം പൂർത്തിയായി; 2019 ലെ ഫോർമുല ആവർത്തിക്കാൻ ഡിഎംകെ

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ത്യാ മുന്നണിയിലെ കക്ഷികള്‍ തമ്മിലുള്ള സീറ്റ് വിഭജനം പൂര്‍ത്തിയായി. ഡിഎംകെ തമിഴ്‌നാട്ടില്‍ 21 സീറ്റില്‍ മത്സരിക്കും. കോണ്‍ഗ്രസ് ഒമ്പത് സീറ്റിലും മത്സരിക്കും. സിപിഎം, സിപിഐ, വിസികെ എന്നീ പാര്‍ട്ടികള്‍ക്ക് രണ്ട് സീറ്റ് വീതം നല്‍കാന്‍ ധാരണയായി. എംഡിഎംകെ, മുസ്ലീംലീഗ്, കെഡിഎംകെ പാര്‍ട്ടികള്‍ക്ക് ഒരു സീറ്റ് വീതം നല്‍കി. 2019ൽ മത്സരിച്ച പത്തിൽ ഒമ്പതും കോൺഗ്രസ് നേടിയിരുന്നു. തമിഴ്‌നാട്ടിൽ 39 ലോക്‌സഭാ സീറ്റുകളാണുള്ളത്.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ. സെല്‍വപെരുന്തങ്കയ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍, അജോയ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ചകള്‍ നടന്നത്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി ഇന്ത്യാ മുന്നണി 40 സീറ്റില്‍ വിജയിക്കുമെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസും ഡിഎംകെയും ഒന്നിച്ച് പോരാടി വിജയിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, നടൻ കമൽഹാസൻ്റെ നേതൃത്വത്തിലുള്ള മക്കൾ നീതി മയ്യം (എംഎൻഎം) തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യത്തിൽ ചേരുകയും വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. 2025ലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിൻ്റെ പാർട്ടിക്ക് ഒരു സീറ്റ് നൽകിയിട്ടുണ്ട്. കമൽഹാസനും സ്റ്റാലിനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമായത്. ഇരു നേതാക്കളും നടത്തിയ ധാരണ പ്രകാരം തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും 39 ലോക്‌സഭാ സീറ്റുകളിൽ എംഎൻഎം പ്രചാരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തും.