
വടകര: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി വടകര മണ്ഡലത്തില്‍ മത്സരിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിലിന് വന്‍ സ്വീകരണമൊരുക്കി വടകരയിലെ യുഡിഎഫ് പ്രവര്‍ത്തകര്‍. സ്വന്തം മണ്ഡലമായ പാലക്കാട് നിന്ന് ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് ഷാഫി പറമ്പില്‍ വടകരയിലെത്തിയത്.
വടകര പുതിയ ബസ് സ്റ്റാന്‍ഡിലും പരിസരത്തുമായി ആയിരക്കണക്കിന് യുഡിഎഫ് പ്രവര്‍ത്തകരാണ് ഷാഫി പറമ്പിലിനെ വരവേല്‍ക്കാന്‍ എത്തിയത്. പുതിയ ബസ് സ്റ്റാൻഡിൽ തുറന്ന വാഹനത്തില്‍ റോഡ് ഷോ ആരംഭിച്ചു. റോഡ് ഷോയുടെ സമാപനത്തിന് ശേഷം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുമുണ്ട്. യുഡിഎഫിലെ പ്രമുഖ നേതാക്കളെല്ലാം ഷാഫിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.
വടകരയിൽ എത്തിയ ഷാഫിക്കൊപ്പം യുവ കോൺഗ്രസ് നേതാക്കളായ രാഹുൽ മാങ്കൂട്ടത്തിൽ, പി സി വിഷ്ണുനാഥ്, പി കെ ഫിറോസ് തുടങ്ങിയവരുടെ വലിയ നിര അണിനിരന്നു. ഇതോടെ വടകര മണ്ഡലം വാശീയേറിയ പോരാട്ടത്തിലേക്കാണ് കടക്കുന്നത്.
സിറ്റിംഗ് എം പി കെ മുരളീധരനെ തൃശൂരിലേക്ക് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചതോടെയാണ് ഷാഫി പറമ്പിലിന് നറുക്ക് വീണത്. പാലക്കാട് നിന്ന് വടകരയിലേക്ക് തിരിച്ച ഷാഫി പറമ്പിലിനെ കണ്ണീരോടെയാണ് കോൺഗ്രസ് പ്രവർത്തകർ യാത്രയാക്കിയത്.














