സതീശനെ അസഭ്യം പറഞ്ഞ് സുധാകരൻ; ഇടപെട്ട് ഹൈക്കമാൻഡ്, പ്രതിപക്ഷനേതാവിന് അതൃപ്തി

ആലപ്പുഴ: സമരാഗ്നി ജാഥയോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ എത്താന്‍ വൈകിയെത്തിയതില്‍ ക്ഷോഭിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അസഭ്യപ്രയോഗം നടത്തിയത് വിവാദമാകുന്നു. സംഭവത്തിൽ പ്രതിപക്ഷ നേതാവിനുള്ള അതൃപ്തിയെ തുടർന്ന് ഹൈക്കമാൻഡ് ഇടപെട്ടുവെന്നാണ് റിപ്പോർട്ട്. സമരാഗ്നി ജാഥയെയോ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെയോ ഈ തർക്കം ബാധിക്കരുതെന്ന് ഹൈക്കമാൻഡ് താക്കീത് നൽകി. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇരുവരെയും ഫോണിൽ വിളിച്ചു സംസാരിച്ചു.

വാർത്താസമ്മേളനത്തിനായി മാധ്യമ പ്രവര്‍ത്തകരെ വിളിച്ചുവരുത്തിയിട്ട് പ്രതിപക്ഷ നേതാവ് എവിടെ പോയെന്ന് കെ സുധാകരന്‍ ചോദിച്ചിരുന്നു. വാര്‍ത്താസമ്മേളനം തുടങ്ങുന്നതിന് മുമ്പായിരുന്നു കെ സുധാകരന്റെ പരാമര്‍ശം. കൂടെ അസഭ്യപദപ്രയോഗവും നടത്തി. എന്നാല്‍ കൂടുതല്‍ സംസാരിക്കുന്നത് ഒപ്പമുണ്ടായിരുന്ന നേതാക്കള്‍ തടഞ്ഞു. പക്ഷെ, സുധാകരന്റെ വാക്കുകൾ മേശപ്പുറത്തുണ്ടായിരുന്ന മൈക്കുകളിലൂടെ ചാനൽ ക്യാമറകളിൽ റെക്കോർഡ് ചെയ്യപ്പെട്ടിരുന്നു. സതീശൻ മറ്റൊരു പരിപാടിയിൽ പങ്കെടുക്കുകയാണെന്നും ഉടൻ എത്തുമെന്നും നേതാക്കൾ വിശദീകരിച്ചു.

മുമ്പും സമാനരീതിയില്‍ വാര്‍ത്താ സമ്മേളനത്തിടയില്‍ സുധാകരനും വിഡി സതീശനും ഉള്‍പ്പെട്ട സംഭവം ഉണ്ടായിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തിനിടെ ഇരുവരും തമ്മില്‍ മൈക്കിനുവേണ്ടി ഉണ്ടായ തര്‍ക്കത്തിന്റെ വീഡിയോ അന്ന് പുറത്തുവന്നിരുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു. മൈക്കിനു വേണ്ടി ഇരുവരും പിടിവലി നടത്തിയത്. ആദ്യം ആര് സംസാരിക്കും എന്നതായിരുന്നു തര്‍ക്കം.

മാധ്യമപ്രവര്‍ത്തകരോട് താന്‍ സംസാരിച്ചുതുടങ്ങാമെന്ന് കെ. സുധാകരന്‍ പറയുന്നത് പുറത്തുവന്ന വീഡിയോയില്‍ കാണാം. വി.ഡി സതീശന്‍ ഇതില്‍ അതൃപ്തി പ്രകടിപ്പിക്കുന്നതും ഒടുവില്‍ പ്രസിന്റ് തന്നെ എല്ലാം സംസാരിക്കാന്‍ പറഞ്ഞ് മൈക്ക് നല്‍കി രോഷം പ്രകടിപ്പിച്ചിരുന്നു. സംഭവം നിരവധി ട്രോളുകള്‍ക്കും കളിയാക്കലുകള്‍ക്കും അന്ന് അവസരമൊരുക്കിയിരുന്നു.

More Stories from this section

family-dental
witywide