മാണ്ഡിയിൽ കങ്കണയ്ക്ക് ചെക്ക് വയ്ക്കാൻ വിക്രമാദിത്യ സിങ്; ചണ്ഡീഗഡിൽ മനീഷ് തിവാരി; 16 പേരുടെ സ്ഥാനാർത്ഥി പട്ടികയുമായി കോൺഗ്രസ്

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിനുള്ള 16 സ്ഥാനാർത്ഥികളുടെ കൂടി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. ഹിമാചലിലെ മാണ്ഡിയിൽ ബിജെപി സ്ഥാനാർത്ഥി കങ്കണ റണാവത്തിനെതിരെ മുൻ ഹിമാചൽ മുഖ്യമന്ത്രി വീർഭദ്ര സിങ്ങിന്റെ മകൻ വിക്രമാദിത്യ സിങ് മത്സരിക്കും. നിലവിൽ മന്ത്രിയും വിക്രമാദിത്യ സിങ്ങിന്റെ അമ്മയുമായ പ്രതിഭ സിങ് ആണ് ലോക്സഭയിൽ മാണ്ഡിയെ പ്രതിനിധീകരിക്കുന്നത്.

മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് എംപിയുമായ മനീഷ് തിവാരി ചണ്ഡീഗഢ് പാർലമെൻ്റ് മണ്ഡലത്തിൽ നിന്ന് മത്സരിക്കും. ഇന്ത്യാ ബ്ലോക്കിൻ്റെ സീറ്റ് വിഭജന കരാർ പ്രകാരം ആം ആദ്മി പാർട്ടിയുടെയും കോൺഗ്രസിൻ്റെയും സ്ഥാനാർത്ഥി തിവാരി ആയിരിക്കും. നേരത്തെ, സ്ഥാനാർത്ഥികളുടെ പേരുകൾ അന്തിമമാക്കുന്നതിനായി കോൺഗ്രസ് പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേർന്നിരുന്നു.

ഒഡീഷയിലെ ഒമ്പത് സീറ്റുകളിലേക്കും ഗുജറാത്തിലെ നാലും ഹിമാചലിലെ രണ്ട് സീറ്റുകളിലേക്കും ചണ്ഡീഗഢ് സീറ്റിലേക്കുമാണ് കോണ്‍ഗ്രസ് ശനിയാഴ്ച സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലെ അഞ്ച് സീറ്റുകളിലേക്കും ഇതോടൊപ്പം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവില്‍ പഞ്ചാബിലെ അനന്ത്പുര്‍ സാഹിബ് മണ്ഡലത്തില്‍ നിന്നുള്ള സിറ്റിങ് എംപിയാണ് മനീഷ് തിവാരി. ചണ്ഡീഗഢില്‍ ബിജെപി സിറ്റിങ് എംപി കിരണ്‍ ഖേറിനെ മാറ്റി സഞ്ജയ് ടണ്ഡനെയാണ് സ്ഥാനാര്‍ഥിയാക്കിരിക്കുന്നത്. രാജ്‌കോട്ടില്‍ പരേഷ് ധനാനിയാണ് സ്ഥാനാര്‍ഥി.

More Stories from this section

family-dental
witywide