
ന്യൂഡല്‍ഹി: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ പ്രകടന പത്രികയെ വിമര്‍ശിച്ച് ബിജെപി. പ്രകടന പത്രികയില്‍ ന്യൂയോര്‍ക്കിന്റെയും തായ്ലന്‍ഡിന്റെയും ഫോട്ടോകളാണ് ഉപയോഗിച്ചിരിക്കുന്നതെന്നാണ് ബിജെപിയുടെ പ്രധാന വിമര്‍ശനം. ഇത്തരം ഫോട്ടോകള്‍ ഉപയോഗിച്ചതില്‍ നിന്ന് അതിന്റെ ഗൗരവം മനസ്സിലാകുമെന്ന് ബിജെപി പറഞ്ഞു.
‘അടുത്തിടെ കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ചെയര്‍പേഴ്സണ്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ആരാണ് കൈകാര്യം ചെയ്യുന്നതെന്ന് അറിയില്ലെന്ന് പറഞ്ഞു. ആരാണ് അവരുടെ പ്രകടനപത്രിക തയ്യാറാക്കുന്നത് എന്നെങ്കിലും പാര്‍ട്ടി അറിയണമെന്നും ബിജെപി നേതാവ് സുധാംശു ത്രിവേദി പരിഹസിച്ചു. പ്രകടന പത്രികയില്‍ പരിസ്ഥിതി വിഭാഗത്തില്‍ ഉപയോഗിച്ച ഫോട്ടോ കാണിച്ചുകൊണ്ട് ഇത് രാഹുല്‍ ഗാന്ധിയുടെ പ്രിയപ്പെട്ട സ്ഥലമായ തായ്ലന്‍ഡില്‍ നിന്നുള്ളതാണെന്ന് ത്രിവേദി പറഞ്ഞു.
തെറ്റായ ഫോട്ടോകള്‍ ഉപയോഗിച്ചത് വലിയ പ്രശ്‌നമല്ലെന്ന് പറഞ്ഞ ത്രിവേദി, ഇതുവരെ വിദേശത്ത് പോയി ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അപകീര്‍ത്തിപ്പെടുത്തുകയാണ് ഇവര്‍ ചെയ്തിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ അവര്‍ തങ്ങളുടെ പ്രകടനപത്രികയ്ക്കായി വിദേശ ഫോട്ടോകള്‍ കടം വാങ്ങുകയാണ് ചെയ്തതെന്നും ആരോപിച്ചു.
തങ്ങളുടെ ഭരണകാലത്ത് കേന്ദ്രത്തിലോ സംസ്ഥാനങ്ങളിലോ പ്രകടനപത്രികയില്‍ പറഞ്ഞ വാഗ്ദാനങ്ങളൊന്നും കോണ്‍ഗ്രസ് പാലിച്ചില്ലെന്നും ത്രിവേദി പറഞ്ഞു.
മാത്രമല്ല, കോണ്‍ഗ്രസ് അധികാരത്തിലെത്തുമ്പോള്‍ ഒരു സൂചി പോലും ഇന്ത്യയില്‍ നിര്‍മിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെ പറഞ്ഞു. ഇത് തികഞ്ഞ നുണയാണ്. 1930-ല്‍ സി.വി. രാമന് നൊബേല്‍ സമ്മാനം ലഭിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ബെംഗളൂരു) 1909-ലാണ് സ്ഥാപിതമായത്. എന്നാല്‍ നെഹ്റുവിന് ശേഷമാണ് എല്ലാം സംഭവിച്ചതെന്നാണ് അവര്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്രയും വര്‍ഷമായി രാജ്യത്തെ എല്ലാ വിഭാഗങ്ങളോടും അനീതി കാണിച്ചതിന് ശേഷമാണ് കോണ്‍ഗ്രസ് പ്രകടനപത്രികയെ ‘ന്യായ് പത്ര’ എന്ന് വിളിച്ചതെന്നും ബിജെപി നേതാവ് പറഞ്ഞു.