അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഇന്നറിയാം; രാഹുലും പ്രിയങ്കയും മത്സരിക്കുമോ?

ന്യൂഡൽഹി: അഞ്ചാം ഘട്ടത്തിൽ മെയ് 20 ന് വോട്ടെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിലെ അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാർത്ഥികളെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കും. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മത്സരിക്കുമോ എന്ന ആകാംക്ഷയിലാണ് രാജ്യം. മത്സരിക്കാൻ വരണമെന്ന് യു പി യിലെ നേതാക്കളും പ്രവർത്തകരും ഒന്നടങ്കം ആവശ്യപ്പെടുന്നുണ്ട്.

അതേസമയം ഇതുവരെ അനുകൂല പ്രതികരണങ്ങളൊന്നും ലഭിച്ചിട്ടില്ല. പാർട്ടി ആവശ്യപ്പെട്ടാൽ അമേഠിയിൽ മത്സരിക്കുമെന്ന് രാഹുൽ ഗാന്ധി നേരത്തേ വ്യക്തമാക്കിയിരുന്നു. കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് ആയ അമേഠിയിൽ 2019ലാണ് രാഹുലിന് മലയർത്തിയടിച്ച് ബിജെപി നേതാവ് സ്മൃതി ഇറാനി വിജയം നേടിയത്. റായ്ബറേലിയിൽ ഇക്കുറി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മാറിയതിനെ തുടർന്നാണ് ഈ സീറ്റിൽ ആര് മത്സരിക്കണമെന്ന കാര്യത്തിൽ ആശയക്കുഴപ്പമായത്. പ്രിയങ്കയുടെ പേരാണ് തുടക്കം മുതൽ ഉയർന്നു കേൾക്കുന്നതെങ്കിലും രാജ്യത്തൊട്ടാകെ പ്രചരണ പരിപാടികൾ ശ്രദ്ധയൂന്നിയിരിക്കുകയാണ് പ്രിയങ്ക ഗാന്ധി. രാഹുലിൻ്റെയും പ്രിയങ്കയുടെയും അഭിപ്രായം അറിഞ്ഞ ശേഷം കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാകും അന്തിമ തീരുമാനം എടുക്കുക.