മുസ്ളീം വിരുദ്ധ പ്രസംഗത്തെ ന്യായീകരിച്ച് മോദി; ‘എസ്‌സി/എസ്ടി ക്വാട്ട ചുരുക്കി മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു’

ജയ്പുർ: ഏപ്രിൽ 26 ന് വോട്ടെടുപ്പ് നടക്കുന്ന രാജസ്ഥാനിലെ ടോങ്ക്-സവായ് മധോപൂർ ലോക്‌സഭാ മണ്ഡലത്തിൽ സംസാരിക്കവേ, തന്റെ മുസ്ലീം വിരുദ്ധ പ്രസംഗത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2004 ൽ കോൺഗ്രസ്, എസ്‌സി/എസ്ടി സംവരണം വെട്ടികുറച്ചുകൊണ്ട് ആന്ധ്രാപ്രദേശിലെ മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ ശ്രമിച്ചുവെന്നു മോദി ആരോപിച്ചു.

“ദലിതരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും സംവരണം വെട്ടിക്കുറച്ച് തങ്ങളുടെ വോട്ട് ബാങ്കിന് പ്രത്യേക സംവരണം നൽകാൻ അധികാരത്തിലിരുന്നപ്പോൾ കോൺഗ്രസ് ആഗ്രഹിച്ചിരുന്നു എന്നതാണ് സത്യം. ഭരണഘടന ഇതിനെല്ലാം എതിരാണ്,” മോദി പറഞ്ഞു.

ദലിതർക്കും പിന്നാക്കക്കാർക്കും ആദിവാസികൾക്കും ബാബാസാഹേബ് അംബേദ്കർ നൽകിയ സംവരണാവകാശം മതത്തിൻ്റെ അടിസ്ഥാനത്തിൽ മുസ്ലീങ്ങൾക്ക് നൽകാനാണ് കോൺഗ്രസിൻ്റെയും ഇന്ത്യൻ സഖ്യത്തിൻ്റെയും ആഗ്രഹമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

“പ്രീണനവും വോട്ട് ബാങ്ക് രാഷ്ട്രീയവുമാണ് കോൺഗ്രസ് പാർട്ടിയുടെ പ്രത്യയശാസ്ത്രം. 2004ൽ കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ രൂപീകരിച്ചപ്പോൾ ആദ്യം ചെയ്തത് ആന്ധ്രാപ്രദേശിൽ മുസ്ലീങ്ങളെ എസ്‌സി/എസ്ടി ക്വാട്ടയിൽ ഉൾപ്പെടുത്തുക എന്നതായിരുന്നു. കോൺഗ്രസ് സർക്കാർ രാജ്യത്തുടനീളം നടപ്പാക്കാൻ ആഗ്രഹിച്ച ഒരു പരീക്ഷണ പദ്ധതിയായിരുന്നു ഇത്. 2004 നും 2010 നും ഇടയിൽ, അവർ നാല് തവണ മുസ്ലീം സംവരണം നടപ്പിലാക്കാൻ ശ്രമിച്ചെങ്കിലും നിയമ തടസ്സങ്ങളും ജാഗ്രതയുള്ള സുപ്രീം കോടതിയും കാരണം കഴിഞ്ഞില്ല. 2011ൽ ഇത് രാജ്യത്തുടനീളം നടപ്പാക്കാനും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി മറ്റുള്ളവർക്ക് എസ്‌സി/എസ്ടി, ഒബിസി അവകാശങ്ങൾ നൽകാനും കോൺഗ്രസ് ആഗ്രഹിച്ചു. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് അറിഞ്ഞിട്ടും കോൺഗ്രസ് ഈ ശ്രമങ്ങൾ നടത്തി,” മോദി പറഞ്ഞു.

കോൺഗ്രസിന് അധികാരത്തിലെത്തിയാൽ രാജ്യത്തിൻ്റെ സമ്പത്ത് നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികളുള്ളവർക്കും വീതിച്ചുനൽകുമെന്നാണ് കഴിഞ്ഞദിവസം രാജസ്ഥാനിലെ ബൻസ്വാരയിലെ ഒരു റാലിയിൽ സംസാരിക്കവെ മോദി. രണ്ട് ദിവസത്തിന് ശേഷമാണ് പുതിയ പരാമർശം. “മുമ്പ്, അവർ (കോൺഗ്രസ്) അധികാരത്തിലിരുന്നപ്പോൾ, രാജ്യത്തിൻ്റെ സമ്പത്തിൻ്റെ ആദ്യ അവകാശം മുസ്ലീങ്ങൾക്കാണെന്ന് അവർ പറഞ്ഞിരുന്നു. ഇതിനർത്ഥം അവർ ഈ സമ്പത്ത് കൂടുതൽ കുട്ടികളുള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും വിതരണം ചെയ്യും,” എന്നായിരുന്നു മോദി പറഞ്ഞത്.

More Stories from this section

family-dental
witywide