എല്ലാ കണ്ണുകളും എക്‌സിറ്റ് പോളിലേക്ക്, എക്സിറ്റ് പോള്‍ ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കില്ലെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാംഘട്ടം പോളിങിന് ശേഷം പുറത്തുവരുന്ന എക്‌സിറ്റ് പോള്‍ ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കില്ലെന്ന് കോണ്‍ഗ്രസ്. എക്സിറ്റ് പോള്‍ ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കുമെന്നായിരുന്നു നേരത്തെ എടുത്ത തീരുമാനം. ഇതേത്തുടര്‍ന്ന് പരക്കെ വിമര്‍ശിക്കപ്പെട്ടതിനു പിന്നാലെയാണ് കോണ്‍ഗ്രസ് മലക്കം മറിഞ്ഞത്.

ഡല്‍ഹിയില്‍ ഇന്ത്യ സഖ്യകക്ഷികള്‍ ഇന്ന് യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനത്തില്‍ മാറ്റം വരുത്തിയത്. കോണ്‍ഗ്രസ് തീരുമാനത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തോല്‍വി ഭയമാണ് കോണ്‍ഗ്രസ് തീരുമാനത്തിനു പിന്നിലെന്നും അമിത് ഷാ പരിഹസിച്ചിരുന്നു. ശനിയാഴ്ച വൈകീട്ട് നടക്കുന്ന ടെലിവിഷന്‍ എക്സിറ്റ് പോള്‍ ചര്‍ച്ചകളില്‍ എല്ലാ സഖ്യകക്ഷികളും പങ്കെടുക്കുമെന്ന് തീരുമാനിച്ചുവെന്ന് കോണ്‍ഗ്രസ് മീഡിയ ആന്‍ഡ് പബ്ലിസിറ്റി ഡിപ്പാര്‍ട്‌മെന്റ് ചെയര്‍മാന്‍ പവന്‍ ഖേര വ്യക്തമാക്കി. നേരത്തെ തീരുമാനിക്കപ്പെട്ട എക്സിറ്റ് പോളുകളേയും ബി.ജെ.പിയേയും തുറന്നുകാട്ടാന്‍ ഇന്ത്യ സഖ്യകക്ഷികള്‍ തീരുമാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More Stories from this section

family-dental
witywide