ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല, ബന്ധം തകരുമ്പോഴല്ല ബലാത്സംഗ പരാതിയുമായി വരേണ്ടത് : സുപ്രീം കോടതി

ന്യൂഡല്‍ഹി: വിവാഹേതര ലൈംഗികബന്ധം ഉഭയസമ്മതത്തോടെയാണെങ്കില്‍ ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി. ദീര്‍ഘകാലം ഉഭയസമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീകള്‍ ബന്ധം തകരുമ്പോള്‍ ബലാത്സംഗ പരാതിയുമായി വരുന്നത് ദുഃഖകരം ആണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

കപട വിവാഹ വാഗ്ദാനം നല്‍കിയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെങ്കില്‍ അതില്‍ പരാതി നല്‍കേണ്ടത് ബന്ധം തകരുമ്പോഴല്ലെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ ബി.വി.നാഗരത്ന, എന്‍.കെ.സിങ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് നിര്‍ണായക വിധി പറഞ്ഞത്. മുംബൈയിലെ ഖര്‍ഗര്‍ പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസ് റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ വിധി. മഹേഷ് ദാമു ഖരെ എന്നയാള്‍ക്കെതിരെ എസ്. ജാദവ് എന്ന വനിത നല്‍കിയ കേസാണ് സുപ്രീംകോടതി റദ്ദാക്കിയത്.