ഭരണഘടനയാണ് ബി.ജെ.പിയ്ക്ക് എല്ലാം, അംബേദ്ക്കര്‍ക്ക് പോലും ഭരണഘടനയെ ഇല്ലാതാക്കാന്‍ കഴിയില്ല: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ‘ബിജെപി ഭരണഘടന തകര്‍ക്കാന്‍ ഇറങ്ങി’ എന്ന കോണ്‍ഗ്രസിന്റെ പരാമര്‍ശത്തില്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷമായ ആക്രമണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ഭരണഘടനയാണ് ബി.ജെ.പിയ്ക്ക് എല്ലാമെന്നും അംബേദ്ക്കര്‍ക്ക് പോലും ഭരണഘടനയെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിലൂടെ കോണ്‍ഗ്രസാണ് ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചതെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ നാഗ്പുര്‍ ജില്ലയിലെ വിദര്‍ഭയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് ദേശവിരുദ്ധ ശക്തികള്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും പ്രതിപക്ഷമായ ഇന്ത്യാ സഖ്യം രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മൂന്നാം തവണയും വിജയിച്ചാല്‍ രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും അപകടത്തിലാകുമെന്ന കോണ്‍ഗ്രസിന്റെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം.

രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തി ഭരണഘടന തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും ഇപ്പോള്‍ ഭരണഘടനയുടെ പേരില്‍ മോദിയെ അധിക്ഷേപിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബാബാസാഹെബ് അംബേദ്കറിന് ഭാരതരത്ന ലഭിക്കാന്‍ കോണ്‍ഗ്രസ് അനുവദിച്ചില്ലെന്നും മോദി തന്റെ പ്രസംഗത്തില്‍ കുറ്റപ്പെടുത്തി.

ജീവിച്ചിരിക്കുമ്പോള്‍ ബാബാ സാഹിബിനെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുകയും ഭാരതരത്‌നം സ്വീകരിക്കാന്‍ അനുവദിക്കാതിരിക്കുകയും രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തി ഭരണഘടന അവസാനിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കോണ്‍ഗ്രസ് ഇന്ന് ഭരണഘടനയുടെ പേരില്‍ കള്ളം പറയുകയാണെന്നും മോദി പറഞ്ഞു.

ഭരണഘടനാ ദിനം ആഘോഷിക്കുക എന്ന ആശയം തന്റെ സര്‍ക്കാര്‍ കൊണ്ടുവന്നു, അതിനെ കോണ്‍ഗ്രസ് എതിര്‍ത്തുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

More Stories from this section

family-dental
witywide