
കൊച്ചി : സ്വയം സന്യാസിയായി പ്രഖ്യാപിക്കുകയും ആള്‍ദൈവമായി പരിവേഷം ചാര്‍ത്തുകയും ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും നിരവധി വഞ്ചനാക്കുറ്റങ്ങളില്‍ അറസ്റ്റിലാകുകയും ചെയ്ത സന്തോഷ് മാധവന്‍ അന്തരിച്ചു. സ്വാമി ചൈതന്യ എന്നറിയപ്പെട്ട സന്തോഷ് മാധവന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
സാമ്പത്തിക തട്ടിപ്പും ലൈംഗികാതിക്രമവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ചുള്ള നഗ്നപൂജയും നടത്തിയ ഇയാള്‍ക്കെതിരെ നിരവധി കേസുകളും നിലവിലുണ്ട്.
40 ലക്ഷം രൂപ തട്ടിച്ചെന്ന് കാണിച്ച് ദുബായിലുള്ള ബിസിനസുകാരി സന്തോഷ് മാധവന് എതിരെ 2008 ല്‍ കേരള പോലീസിന് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും ഇയാള്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു. ഇയാളുടെ താമസസ്ഥലം പരിശോധിച്ചപ്പോള്‍ കടുവത്തോല്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ വനസംരക്ഷണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.