
ഹൈദരാബാദ്: കഴിഞ്ഞയാഴ്ച പുഷ്പ 2 പ്രദര്‍ശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ പൊലീസ് അറസ്റ്റിനെതിരെ നടന്‍ അല്ലു അര്‍ജുന്‍. തന്നെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തന്റെ കിടപ്പുമുറിയില്‍ അതിക്രമിച്ചു കയറിയെന്ന് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ കോടതിയെ അറിയിച്ചു. തന്റെ അറസ്റ്റ് തിങ്കളാഴ്ച വരെ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് അര്‍ജുന്‍ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ സ്വകാര്യ ഇടത്തില്‍ കയറിയത് തെറ്റായിപ്പോയെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍, നടന്റെ എല്ലാ അഭ്യര്‍ത്ഥനകളും തങ്ങള്‍ മാനിക്കുന്നുണ്ടെന്നാണ് പൊലീസിന്റെ ഭാഗം. നടന്റെ അറസ്റ്റിന് പിന്നാലെ നിരവധി വീഡിയോകളാണ് പുത്തുവന്നുകൊണ്ടിരിക്കുന്നത്. അദ്ദേഹം കാപ്പി കുടിക്കുന്നതും പിന്നീട് പൊലീസുകാര്‍ അകമ്പടിയായി കൊണ്ടുപോകുന്നതും കാണാം. ഭാര്യ സ്‌നേഹ റെഡ്ഡി, സഹോദരന്‍ അല്ലു സിരീഷ്, അച്ഛന്‍ അല്ലു അരവിന്ദ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. നടപടിക്രമങ്ങളുടെ ഭാഗമായി നടനെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയിരുന്നു.