ബൈഡനേക്കാൾ വിജയസാധ്യത കമല ഹാരിസിനെന്ന് സർവേകൾ; ട്രംപിന് വെല്ലുവിളി ഉയർത്താനും സാധ്യത

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡനെക്കാൾ വിജയ സാധ്യത, കമല ഹാരിസിനെന്ന് സർവേകൾ. വർദ്ധിച്ചുവരുന്ന സമ്മർദ്ദത്തിന് വഴങ്ങി 2024 ലെ തിരഞ്ഞെടുപ്പിൽ നിന്ന് ജോ ബൈഡൻ മാറിനിൽക്കാൻ തീരുമാനിച്ചാൽ, സ്വാഭാവികമായും വൈസ് പ്രസിഡൻ്റ് കമല ഹാരിസ് പിൻഗാമിയാകുമെന്ന് ഡെമോക്രാറ്റുകളും പറയുന്നു. അതേസമയം, താൻ മത്സരത്തിൽ നിന്ന് പിന്മാറില്ലെന്നും സ്ഥാനാർത്ഥിത്വവമായി മുന്നോട്ടു പോകുമെന്നും ജോ ബൈഡൻ ആവർത്തിക്കുന്നു.

മുൻ യുഎസ് സെനറ്ററും കാലിഫോർണിയ അറ്റോർണി ജനറലുമായ കമല ഹാരിസ് (59) പാർട്ടിയുടെ നോമിനി ആകുകയും നവംബർ 5 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്താൽ അമേരിക്കയുടെ പ്രസിഡൻ്റാകുന്ന ആദ്യ വനിതയാകും. വൈസ് പ്രസിഡൻ്റായി സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ വംശജയും ഏഷ്യക്കാരിയുമാണ് കമല ഹാരിസ്.

കഴിഞ്ഞ വർഷത്തേതു പോലെ, വൈറ്റ് ഹൗസിനുള്ളിലെയും ബൈഡൻ കാമ്പെയ്ൻ ടീമിലെയും പലരും കമല ഹാരിസ് പ്രചാരണത്തിന് ബാധ്യതയാണെന്ന് സ്വകാര്യമായി ആശങ്കപ്പെട്ടിരുന്നു. എന്നാൽ പിന്നീട് സ്ഥിതിഗതികൾ കീഴ്മേൽ മറിഞ്ഞുവെന്ന് ഡെമോക്രാറ്റുകൾ പറയുന്നു. ഗർഭച്ഛിദ്രാവകാശങ്ങൾ സംബന്ധിച്ച കമലയുടെ നിലപാട് വോട്ടർമാരെ ആകർഷിച്ചു.

റിപ്പബ്ലിക്കൻ പാർട്ടി പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്താൻ കമലയ്ക്ക് സാധിക്കുമോ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. സിഎൻഎൻ സർവേ പ്രകാരം 49% വോട്ടർമാർ ട്രംപിനെയും 43% ബൈഡനെയും അനുകൂലിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ബൈഡന് പകരം കമല ഹാരിസാണ് കമല ഡെമോക്രാറ്റ് സ്ഥാനാർഥിയെങ്കിൽ ട്രംപിനനുകൂലമായ വോട്ടുകൾ 47% ശതമാനമയി കുറയുമെന്നും 45% വോട്ടർമാർ കമല ഹാരിസിനെ പിന്തുണയ്ക്കുമെന്നും സർവേ സൂചിപ്പിക്കുന്നു.

കഴിഞ്ഞ ആഴ്‌ച നടന്ന ടെലിവിഷൻ സംവാദത്തിന് ശേഷം പുറത്തുവന്ന റോയിട്ടേഴ്‌സ്/ഇപ്‌സോസ് വോട്ടെടുപ്പിൽ, ഹാരിസും ട്രംപും തമ്മിൽ ഏറെക്കുറെ സമനിലയിലാണെന്ന് കണ്ടെത്തി, 42% വോട്ടർമാർ കമല ഹാരിസിനെയും 43% പേർ ട്രംപിനെയും പിന്തുണച്ചു.

More Stories from this section

family-dental
witywide