
ന്യൂഡല്‍ഹി: രാജ്യം ഇന്ന് എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. രാജ്യത്തുടനീളം ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. വിശിഷ്ട ഭാരത് 2047 എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ കടന്നുപോകുക
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്നലെ രാത്രി രാഷ്ട്രപതി ദ്രൗപതി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. സ്വാതന്ത്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചവരോട് രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്നും ഏറ്റവും വലിയ ജനാധിപത്യശക്തിയായി ഇന്ത്യ മാറിയിരിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. മൂന്നാമത്തെ വലിയ സമ്പദ് ശക്തിയായി ഇന്ത്യ മാറുന്നുവെന്നും കര്‍ഷകര്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കിയെന്നും നാരീശക്തി ഇന്ത്യയുടെ സമ്പത്താണെന്നും പ്രധാനമന്ത്രിയുടെ വികസന പദ്ധതികള്‍ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തുകയാണെന്നും സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് ചെങ്കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. കര്‍ഷകര്‍, സ്ത്രീകള്‍ ഗോത്രവിഭാഗത്തില്‍ നിന്നുള്ളവരടക്കം ആറായിരം പേര്‍ ഇത്തവണ ചടങ്ങുകള്‍ക്ക് വിശിഷ്ടാതിഥികളായി എത്തും. മാത്രമല്ല, രണ്ടായിരത്തോളം കലാകരാന്മാരും ചെങ്കോട്ടയില്‍ പരിപാടികള്‍ അവതരിപ്പിക്കും. പാരീസ് ഒളിംപിക്സില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘവും രാജ്യ തലസ്ഥാനത്തെ ആഘോഷങ്ങളില്‍ ഭാഗമാകും









