
തിരുവനന്തപുരം: ചൂടില്‍ നിന്നും കൊടുംചൂടിലേക്ക് രാജ്യം നീങ്ങുന്നു. കേരളത്തിലെ താപനിലയും ദിനം പ്രതി ചുട്ടുപൊള്ളിച്ചാണ് കടന്നുപോകുന്നത്. വേനല്‍ മഴ മിക്കയിടങ്ങളിലും എത്തിയെങ്കിലും ചൂടിന് കാര്യമായ ആശ്വാസം ഇല്ലെന്നുതന്നെ പറയേണ്ടിവരും.
അതേസമയം, ഈ വര്‍ഷം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ചൂട് ഇന്നലെ ആന്ധ്രപ്രദേശില്‍ രേഖപ്പെടുത്തി. ആന്ധ്രയിലെ അനന്തപൂരില്‍ ഇന്നലെ 43.3ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. കേരളത്തിലാകട്ടെ, ഇന്നലെ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 40.7 ഡിഗ്രി സെല്‍ഷ്യസാണ്. കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക കണക്കു പ്രകാരം പാലക്കാടാണ് ഈ ഉയര്‍ന്ന റെക്കോര്‍ഡ് താപനില ഇന്നലെ രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂടാണിത്.
കഴിഞ്ഞ മാര്‍ച്ച് 30 ന് പാലക്കാട്ട് 40.4 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു. ഇതിനെ മറികടന്നാണ് ഇന്നലെ 40.7 ഡിഗ്രി റെക്കോര്‍ഡിലേക്ക് ജില്ല എത്തിയത്. കഴിഞ്ഞ വര്‍ഷവും സംസ്ഥാനത്തെ ഉയര്‍ന്ന ചൂട് പാലക്കാട്ട് തന്നെയായിരുന്നു രേഖപ്പെടുത്തിയത്. 40.1 ഡിഗ്രി സെല്‍ഷ്യസായിരുന്നു അന്നത്തെ ചൂട്.
ഇന്നലെ കേരളത്തില്‍ പുനലൂര്‍ (39.8), കണ്ണൂര്‍ വിമാനത്താവളം (37.7) കോഴിക്കോട് (37) എന്നിവിടങ്ങളിലും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരുന്നു.