ദമ്പതികളും സുഹൃത്തും അരുണാചലില്‍ മരിച്ച സംഭവം : ദൂരൂഹത ഏറുന്നു, മനസുമാറ്റിയത് മന്ത്രവാദവും പുനര്‍ജനിയുമോ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് കാണാതായ അദ്ധ്യാപികയും കോട്ടയം സ്വദേശികളായ ദമ്പതികളും ഇറ്റാനഗറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മറനീക്കാതെ ദുരൂഹത. ദമ്പതികളായ നവീനെയും ദേവിയെയും അദ്ധ്യാപികയായ ആര്യയെയുമാണ് അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറിലുള്ള ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപികയായിരുന്ന ആര്യയെ മാര്‍ച്ച് 27നാണ് തിരുവനന്തപുരത്ത് നിന്ന് കാണാതായത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോഴാണ് ഇതേ സ്‌കൂളിലെ മുന്‍ അധ്യാപികയായിരുന്ന ദേവിയെയും ഭര്‍ത്താവിനെയും കാണാതായെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. പിന്നീട് ഇവര്‍ മൂവരും ഗുവാഹത്തിയിലേക്ക് പോയതായി അറിവ് ലഭിച്ചു. നവീനും ദേവിയും വിനോദയാത്ര പോകുന്നുവെന്നാണ് ബന്ധുക്കളോട് പറഞ്ഞത്. ആദ്യഘട്ടത്തില്‍ ഇതില്‍ സംശയം ഒന്നും തോന്നിയിരുന്നില്ലെങ്കിലും മൂവരും ഒന്നിച്ചാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ അസമിലേക്കു പോയതെന്ന് കണ്ടെത്തിയത് നിര്‍ണ്ണായകമായി.

ഓണ്‍ലൈന്‍ ട്രേഡിങ്ങുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് മരിച്ച നവീനെന്നാണ് വിവരം. നവീന്റെ പിതാവ് എന്‍.എ.തോമസ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥനാണ്. മാതാവ് കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ മാനേജരായിരുന്നു. നവീന്റെ ഭാര്യ ദേവി തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളില്‍ ജര്‍മന്‍ ഭാഷ പഠിപ്പിച്ചിരുന്നു. ഇതേ സ്‌കൂളില്‍ സഹ അധ്യാപികായിരുന്നു ആര്യ. ഇരുവരും സുഹൃത്തുക്കളായിരുന്നു. മന്ത്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സംഘടനയില്‍ ദമ്പതികള്‍ അംഗങ്ങളായിരുന്നെന്നും വിവരമുണ്ട്. 13 വര്‍ഷമായി ഇരുവരും വിവാഹിതരായിട്ട്. കുട്ടികള്‍ വേണ്ട എന്ന തീരുമാനത്തിലായിരുന്നു ഇരുവരും എന്ന് ബന്ധുക്കള്‍ പറയുന്നു. തിരുവനന്തപുരത്താണ് ഇരുവരും സ്ഥിരതാമസം. രണ്ടു പേരും ആയുര്‍വേദ ഡോക്ടര്‍മാരായിരുന്നു. ഇരുവരും ഇപ്പോള്‍ പ്രാക്ടീസ് ചെയ്യുന്നില്ല.

നവീനും ദേവിയും പുനര്‍ജനി എന്ന സംഘടനയില്‍ അംഗമായിരുന്നുവെന്നും വിവരമുണ്ട്. ഈ സംഘടനയുടെ സ്വാധീനത്തിലാണ് ഇരുവരും അരുണാചലിലേക്ക് പോയതെന്നും മരണത്തിനു ശേഷം എന്തു സംഭവിക്കുമെന്നും മരണാനന്തര ജീവിതം എങ്ങനെയെന്നും മരണത്തിനു മുമ്പുള്ള ദിവസങ്ങളില്‍ ഇവര്‍ ഗൂഗിളില്‍ തിരഞ്ഞതായും പൊലീസ് പറയുന്നു. മുറിയില്‍ നിന്നും കണ്ടെടുത്ത ഫോണില്‍ നിന്നുമാണ് ഈ നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.

അതേസമയം മൂവര്‍ക്കും ആത്മഹത്യ ചെയ്യാന്‍ തക്ക പ്രശ്‌നമുള്ളതായി മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കോ അറിയില്ല. നവീനും ദേവിയും നല്ല സ്‌നേഹത്തിലാണ് കഴിഞ്ഞിരുന്നതെന്നും ആര്യയുടെ വിവാഹം നിശ്ചയിച്ചിരുന്നുവെന്നും വിവരമുണ്ട്.

More Stories from this section

family-dental
witywide