
തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾ വീണ വിജയനുമെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള യു ഡി എഫ് എം എൽ എ മാത്യു കുഴൽനാടന്റെ ഹർജിയിൽ തിരുവനന്തപുരം വിജിലൻസ് കോടതി വിധി പറയുന്നത് ഈ മാസം 19 ലേക്ക് മാറ്റി. വിധിപ്പകർപ്പ് തയ്യാറാക്കുന്നത് പൂർത്തിയാകാത്തതിനെ തുടർന്നാണ് മാറ്റമെന്ന് കോടതി അറിയിച്ചു. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട മാത്യു കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി കമ്പനിയെ സഹായിച്ചതിനുള്ള പ്രതിഫലമാണ് മാസപ്പടിയായി മകള്‍ വീണക്ക് നൽകിയതെന്നാണ് കുഴൽനാടന്‍റെ പ്രധാന ആരോപണം.