‘മാനസിക പിരിമുറുക്കം മോശം പെരുമാറ്റത്തിനുള്ള ലൈസന്‍സല്ല’, ആലത്തൂരില്‍ അഭിഭാഷകനെ അധിക്ഷേപിച്ച പൊലീസിന് കോടതിയുടെ വിമര്‍ശനം

കൊച്ചി: ആലത്തൂരില്‍ അഭിഭാഷകനെ അധിക്ഷേപിച്ച പൊലീസിന് കോടതിയുടെ അതിരൂക്ഷ വിമര്‍ശനം. പെരുമാറ്റം നന്നാക്കണമെന്ന് പല സര്‍ക്കുലറുകളും വന്നുവെന്നും എന്നാല്‍ ഇതില്‍ നിന്ന് എന്താണ് പഠിച്ചതെന്ന് കോടതി ചോദിച്ചു. ആലത്തൂരില്‍ അഭിഭാഷകനോട് എസ്.ഐ മോശമായി പെരുമാറി എന്ന കോടതി അലക്ഷ്യ ഹര്‍ജി പരിഗണിക്കവെയാണ് പൊലീസിന് കോടതിയുടെ വിമര്‍ശനം നേരിടേണ്ടി വന്നത്.

പാലക്കാട് ആലത്തൂരില്‍ പോലീസ് സ്റ്റേഷനില്‍ എസ് ഐയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട അഭിഭാഷകനെതിരെ കേസെടുത്തത് വിവാദമായിരുന്നു. അഭിഭാഷകനായ അക്വിബ് സുഹൈലിനെതിരെയാണ് പോലീസ് കേസെടുത്തത്. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, അസഭ്യം പറഞ്ഞു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ആലത്തൂര്‍, ചിറ്റൂര്‍ സ്റ്റേഷനുകളിലായി കേസെടുത്തത്. വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ വാഹനം വിട്ടു കൊടുക്കണമെന്ന കോടതി ഉത്തരവുമായി എത്തിയതായിരുന്നു അക്വിബ് സുഹൈല്‍. സ്റ്റേഷനിലെത്തിയ അഭിഭാഷകന്‍ ആലത്തൂര്‍ എസ്.ഐ റിനീഷുമായി രൂക്ഷമായ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കോടതി ഉത്തരവ് പരിശോധിക്കണമെന്നും ഡ്രൈവറെ ഹാജരാക്കാതെ വാഹനം വിട്ടുനല്‍കാനാവില്ല എന്നുമായിരുന്നു പോലീസ് വാദം.

തര്‍ക്കത്തിനിടെ നീ പോടായെന്ന് എസ്.ഐ പലവട്ടം പറഞ്ഞതായി അഭിഭാഷകന്‍ ആരോപിച്ചു. മര്യാദയ്ക്ക് സംസാരിക്കണമെന്നും അഭിഭാഷകന്‍ താക്കീത് ചെയ്തു. വാഹനം വിട്ടുതരില്ലെന്ന് പോലീസ് ഉറപ്പിച്ച് പറഞ്ഞതോടെ ചിറ്റൂര്‍ കോടതിയില്‍ അഭിഭാഷകന്‍ പുന:പരിശോധന ഹര്‍ജി നല്‍കി.

എന്നാല്‍, മാനസിക പിരിമുറുക്കമാണ് മോശം പെരുമാറ്റത്തിലേക്ക് എസ്.ഐയെ നയിച്ചതെന്നാണ് എസ്.ഐയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ മോശം പെരുമാറ്റത്തിനുള്ള ലൈസന്‍സല്ല മാനസിക പിരിമുറുക്കമെന്നാണ് കോടതി പറഞ്ഞത്. ഡിജിപി അടക്കം കോടതിയില്‍ ഹാജരായിരുന്നു.

1965 ന് ശേഷം പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം സംബന്ധിച്ച് നിരവധി സര്‍ക്കുലറുകള്‍ വന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇനി എന്നാണ് ഉദ്യോഗസ്ഥര്‍ പഠിക്കുക എന്നും ചോദിച്ചു. അതേസമയം, എസ്.ഐയെ സ്ഥലം മാറ്റിയെന്നും എസ്.ഐ നിരുപാധികം മാപ്പുപറയാന്‍ തയ്യാറാണെന്നും ഡിജിപി കോടതിയെ അറിയിച്ചിട്ടുണ്ട്.