അമ്മാവന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കണമെന്ന് ഹേമന്ത് സോറന്‍ : ഇടക്കാല ജാമ്യം നല്‍കാതെ കോടതി

റാഞ്ചി: ഭൂമി തട്ടിപ്പ് കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് ഇടക്കാല ജാമ്യമില്ല. ജാമ്യം നല്‍കാന്‍ റാഞ്ചിയിലെ പ്രത്യേക പിഎംഎല്‍എ കോടതി ശനിയാഴ്ച വിസമ്മതിച്ചു. അമ്മാവന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കോടതിയില്‍ 13 ദിവസത്തെ ഇടക്കാല ജാമ്യം സോറന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

ബുധനാഴ്ച ഹേമന്ത് സോറനും തന്റെ അറസ്റ്റിനെ ചോദ്യം ചെയ്ത് ഇളവ് തേടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അറസ്റ്റിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഫെബ്രുവരി അവസാനവാരം വിധി പറയാന്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി മാറ്റിവെച്ചെന്നും എന്നാല്‍ ഇതുവരെ വിധി പറഞ്ഞിട്ടില്ലെന്നും ഹേമന്ദ് സോറന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ സുപ്രീം കോടതി ബെഞ്ചിനെ അറിയിച്ചു. ഇപ്പോള്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, തിരഞ്ഞെടുപ്പ് അവസാനിക്കുമെന്നും സോറന്‍ ജയിലില്‍ തന്നെ തുടരുമെന്നും ബെഞ്ചിനെ ബോധിപ്പിച്ചു.

ഭൂമി തട്ടിപ്പ് കേസില്‍ മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) ചെയര്‍പേഴ്‌സണുമായ ഹേമന്ത് സോറനെ ഇഡി ജനുവരിയിലാണ് അറസ്റ്റ് ചെയ്തത്.