
ന്യൂയോര്‍ക്ക്: വിമാനത്തില്‍ കൗമാരക്കാരിക്കു മുന്നില്‍ സ്വയംഭോഗം ചെയ്യുകയും നഗ്‌നതാ പ്രദര്‍ശനം നടത്തുകയും ചെയ്‌തെന്ന പരാതിയില്‍ അറസ്റ്റിലായ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തി.
മസാച്യുസെറ്റ്സിലെ കാംബ്രിജില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജനായ ഡോ. സുദിപ്ത മൊഹന്തി(33)ക്കെതിരെയാണ് കൗമാരക്കാരി പരാതി നല്‍കിയത്. കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ബോസ്റ്റണ്‍ ഫെഡറല്‍ കോടതിയില്‍ മൂന്ന് ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് ഡോ.സുദിപ്ത മൊഹന്തി തെറ്റ് ചെയ്തിട്ടില്ലെന്ന് തെളിഞ്ഞതായി കോടതി കണ്ടെത്തിയതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ബോസ്റ്റണിലെ ബെത്ത് ഇസ്രായേല്‍ ഡീക്കനെസ് മെഡിക്കല്‍ സെന്ററിലെ പ്രൈമറി കെയര്‍ ഫിസിഷ്യനായ സുദിപ്ത, 2022 മെയ് മാസത്തില്‍ ഹൊനോലുലുവില്‍ നിന്ന് ബോസ്റ്റണിലേക്കുള്ള ഹവായിയന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ അശ്ലീലകൃത്യം നടത്തിയതായാണ് ആരോപിക്കപ്പെട്ടത്.
വിമാനത്തില്‍ എന്റെ പ്രതിശ്രുത വധുവും ഉണ്ടായിരുന്നുവെന്നും അവര്‍ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും എന്തുകൊണ്ടാണ് തനിക്കെതിരെ ഇത്തരത്തിലൊരു പരാതി കുട്ടി നല്‍കിയതെന്ന് അറിയില്ലെന്നുമാണ് സുദിപ്തയുടെ പ്രതികരണം. മാത്രമല്ല, ഒരു ഫിസിഷ്യന്‍ എന്ന നിലയില്‍ മറ്റുള്ളവരെ പരിപാലിക്കുന്നതിനായി ഞാന്‍ എന്റെ ജീവിതം സമര്‍പ്പിച്ചു, ഈ തെറ്റായ ആരോപണങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അത് ഹൃദയഭേദകമാണെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
പുതപ്പുകൊണ്ട് മറച്ചായിരുന്നു ഇയാള്‍ അശ്ലീലപ്രവൃത്തി ചെയ്തതെന്നാണ് പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞത്. പെണ്‍കുട്ടി തന്നെയാണ് സുദിപ്തയ്ക്കെതിരെ ബോസ്റ്റണ്‍ ഫെഡറല്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതും. വിമാനത്തില്‍ അഞ്ചു മണിക്കൂറോളം ഇയാള്‍ ഇത്തരത്തില്‍ അശ്ലീലപ്രകടനം നടത്തിയെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ഇടയ്ക്കു മറച്ചുപിടിച്ചിരുന്ന പുതപ്പ് മാറിയപ്പോള്‍ പാന്റ്സിലെ സിപ്പ് അഴിച്ച് ജനനേന്ദ്രിയം പുറത്തിട്ട നിലയിലായിരുന്നു. ഇതില്‍ അസ്വസ്ഥത തോന്നി മറ്റൊരു സീറ്റിലേക്കു മാറിയിരുന്നുവെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ ഉണ്ടായിരുന്നു.
എന്നാല്‍ കേസില്‍ സുദിപ്ത കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ സ്ഥിതിക്ക് പെണ്‍കുട്ടി എന്തിനാണ് ഇത്തരത്തിലൊരു പരാതി നല്‍കിയതെന്നടക്കമുള്ള ചോദ്യങ്ങള്‍ ബാക്കിയാകുകയാണ്.