
കൊച്ചി: പുക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ എല്ലാ വിദ്യാർഥികൾക്കും കോടതി ജാമ്യം അനുവദിച്ചു. കുടുംബത്തിന്‍റെയും സി ബി ഐയുടെയും എതിർപ്പ് തള്ളിക്കൊണ്ടാണ് കോടതി, പ്രതികൾക്ക് ഉപാധികളോടെ ജാമ്യം നൽകിയത്. ജസ്റ്റിസ് ഡയസാണ് പ്രതികളായ വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ചത്.
സിദ്ധാർഥന്‍റെ മാതാവ് ഷീബയും കേസ് അന്വേഷിക്കുന്ന സി ബി ഐയും പ്രതികളുടെ ജാമ്യപേക്ഷയെ എതിർത്തിരുന്നു. എന്നാൽ ഇത് തള്ളിയ കോടതി കേസിലെ പ്രതികളായ 19 വിദ്യാർഥികൾക്കും ജാമ്യം അനുവദിക്കുകയായിരുന്നു. റാഗിങ്, ആത്മഹത്യാപ്രേരണ, മർദനം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
കേസ് അവസാനിക്കുന്നതു വരെ പ്രതികൾ വയനാട് ജില്ലയിൽ പ്രവേശിക്കരുതെന്നും സംസ്ഥാനം വിട്ടു പോകരുത് എന്നും ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉപാധികളായി കോടതി വ്യക്തമാക്കി. പാസ്പോർട്ടും സമർപ്പിക്കണം.














