
രാജസ്ഥാനിലെ ആരവല്ലി പർവത നിരകളുടെ പടിഞ്ഞാറ് നിറയെ പച്ചപ്പും പുരാതന കോട്ടകളും ഹവേലികളും നിറഞ്ഞ സിക്കാർ എന്ന ദേശം. കൃഷിക്കൊപ്പം ഇടതുപക്ഷത്തിനും നല്ല വേരോട്ടമുള്ള പ്രദേശം. കർഷകരും തൊഴിലാളികളും സംഘടിച്ചു നിൽക്കുന്ന സിക്കാർ രാഷ്ട്രീയമായി നോക്കിയാൽ കേരളത്തിന്റെ കൊച്ചു പതിപ്പാണ്. സിപിഎമ്മിനും കോൺഗ്രസിനും അനുയായികളുള്ള പ്രദേശം. പതിവു തെറ്റിച്ച് ഇത്തവണ സിപിഎമ്മും കോൺഗ്രസും സിക്കാറിൽ കൈകോർക്കുകയാണ്. ഇൻഡ്യ സഖ്യത്തിന്റെ ബാനറിൽ ഇത്തവണ സിക്കാറിൽ നിന്ന് മൽസരിക്കുന്നത് സിപിഎമ്മിൻ്റെ സഖാവ് അമ്രാ റാം. നാലു തവണ രാജസ്ഥാൻ നിയമസഭയിൽ എംഎൽഎ ആയിരുന്നു അമ്രാ റാം ചൌധരി. സികാർ ജില്ലയിലെ 8 നിയമസഭ സീറ്റുകളിൽ അഞ്ചിടത്തും ജയിച്ചത് കോൺഗ്രസായിരുന്നു. എന്നിട്ടും സിക്കാർ സീറ്റ് കോൺഗ്രസ് സിപിഎമ്മിന് നൽകിയത് എന്തിനാണ്?
സിക്കാർ ഉൾപ്പെടുന്ന രാജസ്ഥാനിലെ ശെഖാവതി മേഖലയിൽ ഭൂരിപക്ഷം കർഷകരാണ്. ഇവരാകട്ടെ പ്രധാനമായും ജാട്ട് സമുദായത്തിൽ നിന്നുള്ളവരാണ്. ജാട്ടുകൾ പരമ്പരാഗതമായി കോൺഗ്രസിൻ്റെ അനുഭാവികളാണെങ്കിലും, ഭൂപരിഷ്‌കരണം കൊണ്ടുവരികയും രാജസ്ഥാനിൽ ഫ്യൂഡൽ വ്യവസ്ഥിതി അവസാനിപ്പിക്കുകയും ചെയ്തതിൽ സി.പി.എമ്മിന് വലിയ പങ്കുള്ളതിനാൽ പ്രദേശത്ത് ശക്തമായ സിപിഎം അനുഭാവികളുണ്ട്. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, രണ്ട് സിപി എം എംഎൽഎമാർ വിജയിച്ചിരുന്നു.
സിപിഎമ്മിൻ്റെ കർഷക വിഭാഗമായ ഓൾ ഇന്ത്യ കിസാൻ സഭയ്ക്കും (എഐകെഎസ്) സിക്കാർ ജില്ലയിൽ വലിയൊരു കേഡർ അടിത്തറയുണ്ട്. ജാട്ട് പഞ്ചായത്തുകളിലൂടെയാണ് സിക്കാറിലെ കർഷകർ സംഘടിച്ചത്. കർഷകരിലൂടെ വളർന്ന കമ്യൂണിസ്റ്റ് നേതാക്കൾക്ക് ജാട്ടു വിഭാഗവുമായി നല്ല അടുപ്പമുണ്ട്. രാജസ്ഥാൻ പിസിസി പ്രസിഡൻ്റ് ഗോവിന്ദ് സിങ് ദോത്താസരെയുടെ തട്ടകമാണ് സിക്കാർ. കഴിഞ്ഞ ദിവസം ദോത്താസരെ പ്രസംഗിച്ചത് ഇങ്ങനയാണ് – “അമ്രാ റാം ജി ഡൽഹിക്ക് പോകും. ചെങ്കൊടിയും ത്രിവർണ പതാകയും ഒന്നിച്ച് പാറിക്കും”.

രാജസ്ഥാനിലെ 25 ലോകസഭാ സീറ്റുകളിൽ കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകളിലും ( 2014, 2019) കോൺഗ്രസിന് ഒറ്റ സീറ്റുപോലും നേടാനായില്ല എന്ന വലിയ സത്യം കോൺഗ്രസിൻ്റെ മുന്നിലുള്ളപ്പോൾ എങ്ങനെയെങ്കിലും പിടിച്ചു നിൽക്കാൻ കടുത്ത ശ്രമം നടത്തുകയാണ് കോൺഗ്രസ്. അതുകൊണ്ടാണ് ഇന്ത്യ സഖ്യത്തിലെ കൂട്ടുകക്ഷികളായ സിപിഎമ്മിനും രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി ( ആർഎൽഡി) ക്കും ഓരോ സീറ്റു വീതം നൽകാൻ കോൺഗ്രസ് തയാറായത്. ഇന്ത്യ സഖ്യത്തിനായി ആർഎൽഡി സ്ഥാനാർഥി നഗൌറിൽ മൽസരിക്കുന്നുണ്ട്. സിക്കാറിൽ കഴിഞ്ഞ തവണ മൽസരിച്ച കോൺഗ്രസ് സ്ഥാനാർഥിയും മുൻ എംപിയമായിരുന്ന സുഭാഷ് മഹാരിയ കഴിഞ്ഞ വർഷം ബിജെപിയിൽ ചേർന്നു.
കർഷക സമരത്തോടുള്ള കേന്ദ്രനിലപാടും അഗ്നിവീർ പദ്ധതിയോടുള്ള എതിർപ്പും അതി രൂക്ഷമായി പ്രതിഫലിച്ച സ്ഥലമാണ് സിക്കാർ. ഈ എതിർപ്പുകൾ വോട്ടാക്കി മാറ്റാനാണ് ഇന്ത്യ സഖ്യത്തിൻ്റെ ശ്രമം.
സിക്കാറിൽ 35 ശതമാനത്തിലേറെ വോട്ടുകൾ കോൺഗ്രസിനുണ്ട് എന്നാണ് കണക്കുകൂട്ടൽ . അതിനൊപ്പം ആംരാ റാമിൻ്റെ ജനപ്രീതിയും കർഷക നേതാവ് എന്ന പരിവേഷവും അദ്ദേഹത്തിന് മാത്രമായി കുറേ വോട്ടുകൾ നൽകും. കൂടാതെ സിപിഎമ്മിന്റെ വോട്ട് വേറെയും. എല്ലാം ചേർത്തു വച്ച് പൊരുതാനാണ് സിപിഎം തീരുമാനം.
എന്നാൽ ബിജെപിയെ തോൽപ്പിക്കുക അത്ര എളുപ്പമല്ല. കഴിഞ്ഞ രണ്ട് ലോക്സഭ തിരഞ്ഞെടുപ്പിലും രണ്ട് ലക്ഷത്തിലധികം വോട്ടിന് വിജയിച്ച സ്വാമി സുമേധാനന്ദ സരസ്വതി തന്നെയാണ് ഇത്തവണത്തേയും ബിജെപി സ്ഥാനാർഥി. ഏതാണ്ട് 58 ശതമാനം വോട്ട് വിഹിതം ബിജെപിക്ക് ഇവിടെയുണ്ട്. ശക്തമായ എതിർപ്പ് ഇദ്ദേഹത്തിന് എതിരെയുണ്ടെങ്കിലും മോദിയുടെ കരുത്തിൽ വീണ്ടും സിക്കാറിൽ തേരോട്ടം നടത്താമെന്നാണ് പ്രതീക്ഷയിലാണ് ബിജെപി.
CPM – Congress Alliance In Rajasthan’s Sikar district