
ആലപ്പുഴ: പി.വി അന്‍വര്‍ എം.എല്‍.എയ്ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെ ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മലയാള സിനിമയിലെ കോഹാഹലങ്ങളില്‍ പ്രതികരിച്ച് സിപിഎം നേതാവും കായംകുളം എംഎല്‍എയുമായ യു. പ്രതിഭ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മസാല ചര്‍ച്ചയായി മാറിയെന്നും നടിമാരുടെ ജോലിയാണ് അഭിനയം. ജോലി ചെയ്യാന്‍ പോകുന്നവരെ ചൂഷണം ചെയ്യാന്‍ പാടില്ലെന്നും പ്രതിഭ പ്രതികരിച്ചു. അവര്‍ ജോലി ചെയ്യുമ്പോള്‍ അവരുടെ വസ്ത്രം അഴിക്കാനോ വാതില്‍ മുട്ടാനോ പോകുന്നത് ശരിയല്ലെന്നും അവര്‍ വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പുറത്തുവിടാത്ത ഭാഗങ്ങള്‍ എന്തിനാണ് പൂഴ്ത്തി വയ്ക്കുന്നതെന്നും ഇത് കേവലം സിനിമാ വിഷയമല്ല. ഒരു സാമൂഹിക വിഷയമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഒരു പാവപ്പെട്ടവന്‍ എന്തെങ്കിലും മോഷണം നടത്തിയാല്‍ അവന്റെ ഫുള്‍ സൈസ് ഫോട്ടോ കൊടുത്ത് നമ്മള്‍ ആഘോഷിക്കും. ഇവിടെയും അത് വേണം. ഇരകളുടെ പേര് മറച്ചുവച്ച് വേട്ടക്കാരുടെ പേരുകള്‍ പുറത്തുവിടണം. ഉദ്യോഗസ്ഥരും സിനിമാക്കാരും രാഷ്ട്രീയക്കാരും ചേര്‍ന്നുള്ള ഒരു അവിശുദ്ധ കൂട്ടുകെട്ട് ഒരിക്കലും ഉണ്ടാകരുതെന്ന് വിശ്വസിക്കുന്ന ഒരാളാണ് താനെന്നും പ്രതിഭ പറയുന്നു.
ഇപ്പോള്‍ വെളിപ്പെടുത്തലുകളുമായി വരുന്നവരില്‍ പലരും നമ്മള്‍ ഒരിക്കല്‍ പോലും കാണാത്തവരാണ്. ഇത്രയും ഗൗരവമുള്ള വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ മുന്‍ നിര നടിമാര്‍ എന്തുകൊണ്ട് വെളിപ്പെടുത്തലുകള്‍ നടത്തുന്നില്ല എന്നത് എന്നെ അദ്ഭുതപ്പെടുത്തുകയാണ്. അവര്‍ക്ക് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടില്ലേ എന്നാണ് എംഎല്‍എയുടെ ചോദ്യം.