ദേ പിന്നേം രാജേന്ദ്രൻ, സിപിഎം മെമ്പർഷിപ്പ് പുതുക്കില്ല! ‘അതിനർത്ഥം ബിജെപിയിൽ പോകുമെന്നല്ല’

ഇടുക്കി: ബി ജെ പിയിലേക്ക് പോകുമെന്ന അഭ്യൂഹം കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായിരുന്ന സി പി എം നേതാവും ദേവികുളം മുൻ എം എൽ എയുമായ എസ് രാജേന്ദ്രൻ വീണ്ടും വാർത്തകളിൽ നിറയുന്നു. ബി ജെ പി പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങൾ കെട്ടടങ്ങിയെന്ന് ഏവരും നിനച്ചിരിക്കെയാണ് രാജേന്ദ്രൻ വീണ്ടും ചർച്ചകളിൽ നിറയുന്നത്. സി പി എം മെമ്പർഷിപ്പ് പുതുക്കില്ലെന്നാണ് രാജേന്ദ്രന്‍റെ പുതിയ പ്രഖ്യാപനം. സി പി എം നേതൃത്വത്തെ അമ്പരപ്പിക്കുന്ന പ്രഖ്യാപനമാണ് ദേവികുളം മുൻ എം എൽ എ നടത്തിയിരിക്കുന്നത്.

സി പി എം നേതാക്കളെത്തി മെമ്പർഷിപ്പ് പുതുക്കാൻ ആവശ്യപ്പെട്ടെന്നും എന്നാല്‍ മെമ്പർഷിപ്പ് പുതുക്കാൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് എസ് രാജേന്ദ്രൻ പറയുന്നത്. സി പി എം മെമ്പർഷിപ്പ് പുതുക്കുന്നില്ല എന്നതിന‍ർഥം ബി ജെ പിയിൽ പോകുമെന്നല്ല എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ദേവികുളം എം എൽ എ എ രാജക്കെതിരെ താൻ പ്രവർത്തിച്ചുവെന്നത് കെട്ടിച്ചമച്ച കള്ളമാണ്. അത്തരം കള്ളങ്ങൾ കെട്ടിച്ചമച്ചവർക്കൊപ്പം നിന്ന് പോകാൻ കഴിയില്ലെന്നും അതുകൊണ്ടാണ് പാർട്ടി അംഗത്വം പുതുക്കാത്തതെന്നും എസ് രാജേന്ദ്രൻ വിവരിച്ചു.

അതേസമയം താന്‍ ഇപ്പോൾ എന്തായാലും ബി ജെ പിയിലേക്ക് ഇല്ലെന്ന് തുറന്നുപറഞ്ഞ് കഴിഞ്ഞ ദിവസം എസ് രാജേന്ദ്രൻ രംഗത്തെത്തിയിരുന്നു. തനിക്കെതിരായ പാർട്ടി നടപടിയിലെ അസ്വാരസ്യവും അദ്ദേഹം അന്ന് തുറന്നുപറഞ്ഞു. സി പി എം സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും അത് പിന്‍വലിച്ചില്ലെങ്കില്‍ ഒരുപക്ഷേ മറിച്ചുള്ള തീരുമാനം ഉണ്ടാകാമെന്നുമാണ് രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. അതിനിടിയിലാണ് ഇന്ന് സി പി എം അംഗത്വം പുതുക്കുന്നില്ലെന്ന പുതിയ നിലപാട് രാജേന്ദ്രൻ പ്രഖ്യാപിച്ചിരിക്കുന്നത്. രാജേന്ദ്രന്‍റെ ഉള്ളിലെന്താകും എന്ന ചോദ്യമാണ് ഇതോടെ ഉയർന്നിരിക്കുന്നത്.

CPM Leader S Rajendran says he dont want to renewed CPM Membership