വീട്ടിലെത്തിയുള്ള വോട്ടില്‍ രഹസ്യ സ്വഭാവം കാത്തില്ല, വയോധികയ്ക്കുവേണ്ടി സിപിഎം നേതാവ് വോട്ടുചെയ്തു; പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കാസര്‍കോഡ്‌: വീട്ടിലെത്തിയുള്ള വോട്ടില്‍ രഹസ്യ സ്വഭാവം കാക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന പരാതിയില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ കല്യാശ്ശേരി പഞ്ചായത്തിലുള്ള 164-ാം ബൂത്തില്‍ ഏപ്രില്‍ 18-നാണ് നടപടിക്ക് ഇടയാക്കിയ സംഭവം.

സ്‌പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്റ് മൈക്രോ ഒബ്സര്‍വര്‍, സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍, വീഡിയോഗ്രാഫര്‍ എന്നിവരെയാണ് കളക്ടര്‍ സസ്‌പെന്റ് ചെയ്തത്.

കല്യാശ്ശേരിയിലെ എടക്കാടന്‍ ഹൗസില്‍ ദേവകി (92) യുടെ വോട്ടിലാണ് രഹസ്യ സ്വഭാവം നഷ്ടപ്പെടുന്ന വിധത്തിലുള്ള ഇടപെടല്‍ ഉണ്ടായത്. സിപിഎം നേതാവായ അഞ്ചാം പീടിക കപ്പോട് കാവിലെ ഗണേശന്‍ വോട്ടിങ് നടപടിയില്‍ ഇടപെട്ടു എന്നാണ് പരാതി. സംഭവത്തിന്റെ പേരില്‍ പൊലിസിലും പരാതി നല്‍കിയിട്ടുണ്ട്. ദേവകിയുടെ വോട്ട് സിപിഎം നേതാവ് ഗണേശന്‍ രേഖപ്പെടുത്തുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.