രാഹുല്‍ മാങ്കൂട്ടത്തില്‍ കള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന് എംവി ഗോവിന്ദന്‍; ‘വിളഞ്ഞ് പഴുക്കട്ടെ’യെന്ന് സജി ചെറിയാന്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട യൂത്ത്കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാക്കൾ. ജാമ്യത്തിനായി രാഹുല്‍ മാങ്കൂട്ടത്തില്‍ കള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ആരോപിച്ചു. കോടതി അത് പരിശോധിച്ച് ജാമ്യം നിഷേധിച്ചു. പരാജയം മറച്ചുവയ്ക്കാന്‍ രാഹുല്‍ ഹീറോയെന്ന് വരുത്താന്‍ ശ്രമം നടക്കുന്നുവെന്നും ജയിലില്‍ കിടക്കാന്‍ ആര്‍ജവം കാട്ടണമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തില്‍ വിളഞ്ഞു പഴുക്കട്ടെയെന്നാണ് മന്ത്രി സജി ചെറിയാന്റെ വിമർശനം. “വിളയാതെ പഴുത്താല്‍ അധികകാലം നില്‍ക്കില്ല. ആദ്യമായാണോ ഒരു വിദ്യാര്‍ഥി യുവജന നേതാവ് ജയിലില്‍ പോകുന്നത്,” സജി ചെറിയാന്‍ പറഞ്ഞു.

സംഘര്‍ഷം ഒഴിവാക്കാന്‍ രാത്രിയോ രാവിലെയോ സമര്‍ത്ഥമായി അറസ്റ്റ് ചെയ്യുന്നത് ആദ്യത്തെ സംഭവമല്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജനും പറഞ്ഞു.

അതേസമയം രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയതിനെതിരെ സെഷൻസ് കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഇന്ന് തന്നെ അപ്പീല്‍ നല്‍കിയേക്കും. രാഹുലിന്റെ ആരോഗ്യപ്രശ്നങ്ങളും പൊലീസ് നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീൽ നൽകുക.

More Stories from this section

family-dental
witywide