സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ രഹസ്യ കച്ചവടം, വിവരം ചോർന്നു! അന്വേഷണത്തിൽ കാറിൽ നിന്ന് പിടിച്ചെടുത്തത് 54 ലിറ്റർ സ്പിരിറ്റ്‌

പാലക്കാ‌ട്: അനധികൃത മദ്യക്കടത്ത് നടത്തിവന്ന സിപിഎം ലോക്കൽ കമ്മിറ്റി അംഗം പിടിയിലായി. രഹസ്യ വിവരത്തിൽ എക്സൈസാണ് സിപിഎം പ്രാദേശിക നേതാവിനെ പിടികൂടിയത്. പാലക്കാട് വടവന്നൂർ കുണ്ടുകാട് സ്വദേശി എ സന്തോഷിനെയാണ് (54) എക്സൈസ് പിടികൂടിയത്. കാറിൽ കടത്തുകയായിരുന്ന 54 ലിറ്റർ അനധികൃത മദ്യം എക്സൈസ് പിടിച്ചെടുത്തു.

ഇന്നലെ വൈകീട്ട് 5.15-ന് കൊല്ലങ്കോട്-പുതുനഗരം പാതയിൽ പുതുനഗരം പഞ്ചായത്ത് ഓഫീസിന്‌ മുൻപിൽ വെച്ചാണ് മദ്യം പിടികൂടിയത്. അരലിറ്റർ വീതമുള്ള 108 കുപ്പികൾ ആറ്‌ കെയ്സുകളിലാക്കി കാറിൽ കടത്തുകയായിരുന്നു. പാലക്കാട് നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങി കൊല്ലങ്കോട് ഭാഗത്ത് കൂടുതൽ വിലയ്ക്ക് വിൽക്കാനാണ് മദ്യം കടത്തിയതെന്ന് എക്സൈസ് പറഞ്ഞു. ഹോളോഗ്രാമോ സീലോ ഇല്ലാത്തതിനാൽ സർക്കാർ മദ്യക്കടകളിൽനിന്ന് വാങ്ങിയതല്ലെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും എവിടെയോ വ്യാജമായി നിർമിച്ചതാണെന്നും കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്നും എക്സൈസ് അധികൃതർ പറഞ്ഞു.

കൊല്ലങ്കോട് എക്സൈസ് അസി ഇൻസ്പെക്ടർ എൻ സന്തോഷ്, പ്രിവന്റീവ് ഓഫീസർമാരായ പി ചെന്താമര, കെ രമേഷ്, യു നാസർ, സീനിയർ സിവിൽ എക്സൈസ് ഓഫീസർ എ അരവിന്ദാക്ഷൻ തുടങ്ങിയവരാണ് പരിശോധന നടത്തിയത്. വടവന്നൂർ ലോക്കൽ കമ്മിറ്റി അംഗവും കുണ്ടുകാട് ബ്രാഞ്ച് സെക്രട്ടറിയുമായ സന്തോഷ് 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഗ്രാമപ്പഞ്ചായത്ത് സ്ഥാനാർഥിയായിരുന്നു സന്തോഷ്.

More Stories from this section

family-dental
witywide