കേരളത്തിലെ വമ്പൻ തോൽവി, സിപിഎം പിബിയിൽ സംസ്ഥാന നേതൃത്വത്തിന് വിമർശനം, ബിജെപി വളർച്ച അറിഞ്ഞില്ല, സാഹചര്യം അതീവ ഗുരുതരം

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ സി പി എമ്മിന് കനത്ത തിരിച്ചടിയാണ് ഉണ്ടായതെന്ന കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പോലും സംശയമുണ്ടാകില്ല. കഴിഞ്ഞ തവണത്തെ 1 സീറ്റ് വിജയത്തിൽ നിന്ന് വലിയ മുന്നേറ്റം പ്രതീക്ഷിച്ച സി പി എം നേതൃത്വത്തിന് ഇരുട്ടടി നൽകുന്നതായിരുന്നു ഇത്തവണത്തെയും 1 സീറ്റ് വിജയം. കനത്ത പരാജയത്തിന് പിന്നാലെ സംസ്ഥാന നേതൃത്വത്തിനെതിരെ വലിയ വിമർശനമാണ് എങ്ങും ഉയരുന്നത്. അതിനിടയിലാണ് ഇന്ന് ചേർന്ന സി പി എം പി ബി യോഗത്തിലും വിമർശനം ശക്തമായത്.

കേരള നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് സി പി എം പൊളിറ്റ് ബ്യൂറോയിലുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിൽ ബി ജെ പിയുടെ വളർച്ച പാർട്ടിക്ക് തിരിച്ചറിയാൻ കഴിയാഞ്ഞത് എന്തുകൊണ്ടെന്ന് പി ബിയിൽ ചോദ്യം ഉയർന്നു. കേരളത്തിലെ സാഹചര്യം ഗുരുതരമാണെന്നും പാർട്ടിക്കെതിരായ വികാരം താഴെ തട്ടിൽ മനസിലാകാത്തത് എന്തുകൊണ്ടെന്ന് പഠിക്കണമെന്നും പി ബി നിർദ്ദേശിച്ചു. തുടർച്ചയായ രണ്ടാം ലോക്സഭയിലും തിരിച്ചടി എങ്ങനെ സംഭവിച്ചു എന്നത് വിശദമായി പഠിക്കണമെന്നും പി ബി വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സി പി ഐയിലും രൂക്ഷ വിമർശനം ഉയർന്നിരുന്നു. സി പി ഐ തിരുവനന്തപുരം ജില്ലാ എക്‌സിക്യുട്ടീവിലും ആലപ്പുഴ ജില്ലാ കൗൺസിലിലുമാണ് മുഖ്യമന്ത്രിക്കെതിരെ വിമർശനമുയർന്നത്. ഇത്രയും വലിയ പരാജയം എൽ ഡി എഫിന് ഉണ്ടാകാൻ കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യപരമായ പെരുമാറ്റമാണെന്നാണ് സി പി ഐ കമ്മിറ്റികളിൽ വിമർശനം ഉയരുന്നത്. മുഖ്യമന്ത്രി മാറാതെ തിരിച്ചുവരവ് എളുപ്പമല്ലെന്നും അത് പറയാനുള്ള ആർജവം സി പി ഐ നേതൃത്വം കാട്ടണമെന്നും കമ്മിറ്റികളിൽ അഭിപ്രായമുയർന്നു. തിരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ്. പരാജയത്തിന് ശേഷവും മുഖ്യമന്ത്രി ധാർഷ്ട്യത്തോടെയാണ് പെരുമാറിയതെന്നും നേതാക്കൾ പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് മുന്നണി കൺവീനർ ബിജെപി നേതാവിനെ കണ്ടതും തിരിച്ചടിയായെന്നും സി പി ഐയിൽ വിമർശനമുയർന്നു. സപ്ലൈകോയിൽ സാധനങ്ങൾ ലഭിക്കാതെ വന്നതും പെൻഷൻ മുടങ്ങിയതും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന വിമർശനം ഇരുയോഗങ്ങളിലും ഉയർന്നു. എൽഡിഎഫിന്റെ വോട്ടുകളും ബിജെപിയിലേക്ക് പോയി. ഈഴവ സമുദായം എൽഡിഎഫിൽ നിന്ന് അകന്നെന്നും സി പി ഐ യോഗത്തിൽ അഭിപ്രായമുയർന്നു.

More Stories from this section

family-dental
witywide