
ഇടുക്കി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഇടുക്കി സന്ദര്‍ശനത്തില്‍ അസഭ്യ വര്‍ഷം നടത്തി സിപിഎം പ്രതിഷേധം. തൊടുപുഴയിലെ രണ്ട് സിപിഎം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. തെമ്മാടി, താന്തോന്നി, എച്ചില്‍ പട്ടി’ അടക്കമുള്ള അസഭ്യ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ പ്രകടനം.
നിയമസഭ ഏകകണ്ഠമായി കഴിഞ്ഞ സെപ്റ്റംബറില്‍ പാസാക്കിയ ഭൂമി പതിവ് നിയമഭേദഗതി ബില്ലില്‍ ഒപ്പിടാത്തതാണ് ഇപ്പോള്‍ ഗവര്‍ണര്‍ക്കെതിരായ ഇടത് പ്രതിഷേധത്തിന്റെ കാരണം. പട്ടയഭൂമിയിലെ ക്രമപ്പെടുത്തലുകളെന്ന കര്‍ഷകരുടെ എല്ലാകാലത്തെയും ആവശ്യം മുന്‍നിര്‍ത്തിയായിരുന്നു പ്രതിപക്ഷം ബില്ലിനോട് യോജിച്ചത്.
അതേസമയം ബില്ലിന്റെ മറവില്‍ കയ്യേറ്റക്കാര്‍ക്ക് നിയമസാധുത നല്‍കുമെന്നതടക്കമുള്ള പരാതികള്‍ വന്നതാണ് തീരുമാനമെടുക്കാന്‍ വൈകുന്നതെന്നാണ് ഗവര്‍ണറുടെ വിശദീകരണം.
ഗവര്‍ണറുടെ സന്ദര്‍ശത്തിന് മുന്നോടിയായി എല്‍ഡിഎഫ് ഇന്ന് ജില്ലാ ഹര്‍ത്താല്‍ പ്രഖ്യാപിച്ചെങ്കിലും ഇടുക്കിയിലെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഗവര്‍ണര്‍ ഉറച്ച നിലപാട് എടുക്കുകയായിരുന്നു. മാത്രമല്ല, തനിക്ക് ഒരു ഭീഷണിയും ഇല്ലെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.














