
തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തില്‍ ബിജെപിയും എല്‍ഡിഎഫും തമ്മിലാണ് മത്സരമെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ പ്രസ്താവനയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കേരളത്തില്‍ ബിജെപി പ്രധാനപാര്‍ട്ടിയല്ലെന്നും മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
“കോണ്‍ഗ്രസിലെ വലിയൊരുവിഭാഗം കൂടുമാറിപ്പോയിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് മത്സരം ബിജെപിയും എല്‍ഡിഎഫും തമ്മിലാണെന്ന് പറഞ്ഞത്. രാഷ്ട്രീയമായി കേരളത്തിലെ പ്രമുഖരാഷ്ട്രീയ പാര്‍ട്ടി ബിജെപിയല്ല. ഇവിടെ ബിജെപി പ്രധാനപ്പെട്ട പാര്‍ട്ടിയല്ല, ചെറിയ കൂട്ടുകെട്ടാണ്. പക്ഷേ, മൂന്നുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടുന്നുണ്ട്. എന്നാല്‍, പ്രധാനമായും യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് മത്സരം,” ഗോവിന്ദന്‍ പറഞ്ഞു.
ആലപ്പുഴയിൽ കോൺഗ്രസ് സ്ഥാനാർഥി കെ.സി വേണുഗോപാല്‍ ജയിക്കില്ലെന്നും അതില്‍ തനിക്ക് യാതൊരു സംശയവുമില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് എം.വി ഗോവിന്ദൻ പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ രാജ്യസഭാ അംഗത്വം യഥാർത്ഥത്തില്‍ നഷ്ടപ്പെടില്ല. പക്ഷേ, നഷ്ടപ്പെട്ടാലും കുഴപ്പമില്ല എന്നതാണ് കോണ്‍ഗ്രസ് നിലപാട്. ഇതിനെയാണ് വിമര്‍ശിച്ചതെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.














