
തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന കോൺഗ്രസ് നിലപാട് സ്വാഗതാർഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇടതുപക്ഷ സ്വാധീനമാണ് നിലപാട് മാറ്റത്തിനു കാരണം. കോൺഗ്രസ് നിലപാടിലൂടെ ഇന്ത്യ മുന്നണിക്ക് ഒരുപടി കൂടെ മുന്നോട്ട് പോകാൻ കഴിഞ്ഞു എന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് കഴിഞ്ഞദിവസം നിലപാട് വ്യക്തമാക്കിയിരുന്നു. ഭക്തി വ്യക്തിപരമാണെന്നും ചടങ്ങ് ബിജെപിയുടെയും ആർഎസ്എസിന്റെയും രാഷ്ട്രീയ പദ്ധതിയാണെന്നും വ്യക്തമാക്കിയാണ് കോൺഗ്രസ് ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നത്. ഇതിൽ പ്രതികരണവുമായാണ് എം.വി ഗോവിന്ദൻ രംഗത്തെത്തിയത്.
രാഷ്ട്രീയ താത്പര്യത്തോടെയാണ് അയോധ്യയിൽ പരിപാടി നടക്കുന്നതെന്ന് പറഞ്ഞ സി.പി.എം. സംസ്ഥാന സെക്രട്ടറി എൻ.എസ്.എസ്. നിലപാട് തള്ളുകയും ചെയ്തു. എല്ലാവരോടുള്ള പോലീസിൻ്റെയും ഭരണകൂടത്തിൻ്റെയും നിലപാട് ഒരുപോലെയാണെന്നും രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിൽ പ്രതികരിച്ച് എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.













