‘പ്രവർത്തനം എകെജി സെന്‍റര്‍ കേന്ദ്രീകരിച്ചാകണം’; ഇപി ജയരാജനോട് സിപിഎം

തിരുവനന്തപുരം: എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനോട് എ കെ ജി സെന്‍റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്ന് സി പി എം നിർദ്ദേശിച്ചു. ലോക് സഭ തെരഞ്ഞെടുപ്പ് അടുത്ത വരുന്ന സാഹചര്യത്തിലാണ് മുതിർന്ന നേതാവ് കൂടിയായ ഇ പിക്ക് ഇത്തരമൊരു നിർദ്ദേശം സി പി എം നൽകിയത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കാനായി എ കെ ജി സെന്‍ററിൽ പരമാവധി ദിവസങ്ങളിലും ഉണ്ടാകണമെന്നും സി പി എം നിർദ്ദേശിച്ചിട്ടുണ്ട്.

നേരത്തെ എം വി.ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായതിന് പിന്നാലെയാണ് ഇ പി പിൻവലിഞ്ഞ് തുടങ്ങിയത്. പലപ്പോഴും സി പി എം പരിപാടികളിൽ തലസ്ഥാനത്ത് ഉണ്ടാകാറില്ലെന്ന ആരോപണമടക്കം ഇ പിക്കെതിരെ ഉയർന്നിരുന്നു. ഗോവിന്ദൻ സെക്രട്ടറിയായതിലുള്ള പ്രതിഷേധമാണ് ഇതെന്ന വ്യാഖ്യാനങ്ങളും ഉണ്ടായി. കണ്ണൂർ പാർട്ടി കോണ്‍ഗ്രസിന് ശേഷം സെക്രട്ടറിയേറ്റ് അംഗങ്ങളുടെ പാർട്ടി ചുമതല പങ്കുവച്ചപ്പോള്‍ എ കെ ജി സെന്‍റര്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ മൂന്നു പേരെയാണ് സി പി എം ചുമതലപ്പെടുത്തിയത്. ഇ പി ജയരാജൻ, എ കെ. ബാലൻ, പുത്തലത്ത് ദിനേശൻ എന്നിവർക്കായിരുന്നു ഈ ചുമതല.

ബാലനും പുത്തലത്തും എ കെ ജി സെന്‍ററിൽ പരമാവധി സമയവും ഉണ്ടാകാറുണ്ട്. എന്നാൽ ഇ പി കണ്ണൂ‍ർ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്കാണ് കൂടുതൽ ശ്രദ്ധ നൽകിയത്. എൽ ഡി എഫ് യോഗത്തിനും അത്യാവശ്യം സെക്രട്ടറിയേറ്റ് യോഗങ്ങള്‍ക്കും വന്നു പോകുന്ന നിലയിലേക്ക് ഇ പി മാറിയെന്ന വിമ‍ർശനം ശക്തമായി ഉയ‍ർന്നു.

എന്നാൽ ഇ പി ഇനിയും ഇങ്ങനെ പോകാനാകില്ലെന്നാണ് ഇപ്പോൾ സി പി എം തീരുമാനിച്ചിരിക്കുന്നത്. കഴി‍ഞ്ഞയാഴ്ച ചേർന്ന സി പി എം നേതൃയോഗമാണ് എ കെ ജി സെന്‍റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ഇ പിക്ക് നിർദ്ദേശം നൽകിയത്. പിണറായി സർക്കാരിന്‍റെ ചില നയസമീപനങ്ങളോട് പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തില്‍ പിണറായിയുമായി അടുത്ത ബന്ധമുള്ള ഇ പി എ കെ ജി സെന്‍ററിന്‍റെ മുഖ്യചുമതലയിലേക്ക് വരുന്നതിലെ രാഷ്ട്രീയവും ഇതിനിടെ ചർച്ചയാകുന്നുണ്ട്.

CPM suggested to EP Jayarajan that he should work from AKG center

Also Read

More Stories from this section

family-dental
witywide