
തൃശൂര്‍: സിപിഎമ്മിന്റെ തൃശൂരിലെ ബാങ്ക് അക്കൗണ്ടിന് പണികൊടുത്ത് ആദായ നികുതി വകുപ്പ്. സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ പേരിലുളള ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ട് ആദായ നികുതി വകുപ്പ് മരവിപ്പിച്ചിരിക്കുകയാണ്. 1998ല്‍ തുടങ്ങിയ ഈ അക്കൗണ്ടില്‍ ഇപ്പോഴുള്ളത് അഞ്ചുകോടി പത്തു ലക്ഷം രൂപയാണെന്നും വിവരമുണ്ട്. പാര്‍ട്ടി നല്കിയ ആദായ നികുതി റിട്ടേണില്‍ ഈ അക്കൗണ്ട് കാണിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസം ബാങ്കില്‍ ഇന്‍കംടാക്സ് ഇന്‍വെസ്റ്റിഗേഷന്‍ പരിശോധന നടത്തിയിരുന്നു. ഇതോടൊപ്പം സിപിഎമ്മിന്റെ രഹസ്യ അക്കൗണ്ടുകള്‍ സംബന്ധിച്ച് ഇന്നലെയും ഇഡിയുടെ ചോദ്യം ചെയ്യല്‍ നടന്നിരുന്നു. ഈ വേളയിലാണ് ഇഡി ഓഫീസിലെത്തി ആദായ നികുതി വകുപ്പും വിവരങ്ങള്‍ ശേഖരിച്ചത്. തുടര്‍ന്ന് കരുവന്നൂര്‍ സഹകരണ ബാങ്ക് കേസില്‍ ഇഡി ചോദ്യം ചെയ്ത സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസില്‍ നിന്നും ആദായനികുതി വകുപ്പും മൊഴി എടുത്തിരുന്നു.
തൃശ്ശൂരിലെ രണ്ട് ദേശസാല്‍കൃത ബാങ്കില്‍ ഐ.ടി വിഭാഗം കഴിഞ്ഞ ദിവസം പരിശോധനയും നടത്തിയിരുന്നു. അതിനു ശേഷമാണ് നടപടി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം ലോക്കല്‍ കമ്മിറ്റികള്‍ നടത്തുന്ന 25 ഓളം ബാങ്ക് അക്കൗണ്ടുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഇടപാടുകള്‍ നടന്നതായി ഇഡി നേരത്തെ കണ്ടെത്തിയിരുന്നു.
അതേസമയം പാര്‍ട്ടിക്ക് ഒരു രഹസ്യ അക്കൗണ്ടുമില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നത്.