
കൊച്ചി: കരുവന്നൂർ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനെതിരെ ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു. കേസുമായി ബന്ധപ്പെട്ട് ഇ ഡി പിടിച്ചെടുത്ത രേഖകൾ വിട്ട് നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിലെ ക്രൈംബ്രാഞ്ച് നീക്കം. നേരത്തേ ഇതേ ആവശ്യമുന്നയിച്ച് ക്രൈംബ്രാഞ്ച് പി എം എൽ എ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ക്രൈംബ്രാഞ്ച് ഹർജി പി എം എൽ എ കോടതി അംഗീകരിച്ചിച്ചില്ല. പി എം എൽ എ കോടതി ഹർജി തള്ളിയതിന് പിന്നാലെയാണ് ഹൈക്കോടതിയിൽ നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച് എത്തിയത്.
കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് ഇ ഡി പിടിച്ചെടുത്ത രേഖകൾ തങ്ങൾക്ക് വേണമെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ ആവശ്യം. കരുവന്നൂർ കേസിലെ ഇ ഡി അന്വേഷണം ഇഴയുന്നതിൽ ഈ മാസം 18 ന് ഹൈക്കോടതി വിമർശനമുന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ക്രൈംബ്രാഞ്ച് ഹർജിയുമായി ഹൈക്കോടതിയിലെത്തിയിരിക്കുന്നത്.
ഹൈക്കോടതി വിമർശനം ഇങ്ങനെ
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ എൻഫോഴ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ അന്വേഷണം ഇഴയുന്നതിൽ ഈ മാസം 18 ന് കേസ് പരിഗണിച്ച ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. അന്വേഷണം തുടങ്ങിയിട്ട് എത്രനാളായെന്നും ഇനിയും വൈകുന്നത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ഈ കേസിൽ എന്താണ് ഇ ഡി ചെയ്യുന്നതെന്നും അന്വേഷണം ഇനിയും ഇഴയാൻ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തു. കേസ് എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന നിർദ്ദേശവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഹൈക്കോടതി നൽകിയിട്ടുണ്ട്.
Crime branch new plea in Kerala HC against ED Karuvannur probe