
കൊച്ചി: മന്ത്രി എ.കെ ശശീന്ദ്രനെ മാറ്റാനുള്ള നീക്കം ഔദ്യോഗിക നേതൃത്വം തുടങ്ങിയതോടെ എൻ.സി.പി.യിൽ പ്രതിസന്ധി രൂക്ഷമായി. തോമസ് കെ. തോമസ് എം.എൽ.എ.യെ മന്ത്രിയാക്കാനുള്ള ശ്രമങ്ങളാണ്സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ മുൻകൈയെടുത്ത് നടക്കുന്നത്.
വരവുചെലവു കണക്കുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളാണ് ചാക്കോയും ശശീന്ദ്രൻ വിഭാഗവും തമ്മിൽ ഇടയുന്നതിലേക്ക് എത്തിയത്. ശശീന്ദ്രൻ വിഭാഗത്തിനാണ് പാർട്ടിയിലെ ട്രഷറർ സ്ഥാനം. കണക്കിൽ പിഴവ് ആരോപിച്ച് ചാക്കോ ശശീന്ദ്രൻ വിഭാഗത്തിനെതിരേ നീങ്ങി. അതിനുപിന്നാലെ ശശീന്ദ്രൻ വിഭാഗം സംസ്ഥാന പ്രസിഡന്റിനെ മാറ്റുന്നതിനുള്ള രഹസ്യയോഗം കോഴിക്കോട്ട് വിളിച്ചുചേർത്തു.
പി.സി. ചാക്കോ, ശശീന്ദ്രൻ വിഭാഗവുമായി തെറ്റിയതോടെയാണ് പുതിയ നീക്കം. മന്ത്രിസ്ഥാനത്തുനിന്ന് മാറ്റുന്നത് തടയാൻ ശശീന്ദ്രൻ വിഭാഗവും നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. പി.സി. ചാക്കോയെ സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റാനാണ് അവർ ആലോചിക്കുന്നത്. ചാക്കോ ദേശീയ വർക്കിങ് പ്രസിഡന്റായ സാഹചര്യത്തിൽ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മുഴുവൻസമയ ആളെ വയ്ക്കണമെന്ന ആവശ്യമാണ് ശശീന്ദ്രൻ വിഭാഗം ദേശീയ നേതൃത്വത്തിനു മുന്നിൽ വയ്ക്കുന്നത്.
എൻ.സി.പി.യിൽ ശശീന്ദ്രൻ വിഭാഗം ആദ്യംമുതൽ പ്രബലമായിരുന്നു. പി.സി. ചാക്കോയെ കോൺഗ്രസിൽനിന്ന് എൻ.സി.പി.യിലേക്ക് കൊണ്ടുവരുന്നതിന് മുൻകൈയെടുത്തതും അവരായിരുന്നു. ഇപ്പോൾ നടക്കുന്ന മന്ത്രിമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സി.പി.എം. തങ്ങൾക്കൊപ്പം നിൽക്കുമെന്ന ഉറച്ച വിശ്വാസം ചാക്കോ പക്ഷത്തിനുണ്ട്. ദേശീയ നേതൃത്വത്തിന്റെ പിന്തുണയും അവർ ഉറപ്പിക്കുന്നുണ്ട്. ബഹുഭൂരിഭാഗം ജില്ലാ പ്രസിഡന്റുമാരും ചാക്കോയ്ക്ക് ഒപ്പമാണ് ഇപ്പോൾ. ചാക്കോ ശക്തമായി നീങ്ങിയാൽ, അതിനെ പ്രതിരോധിക്കാനുള്ള ശേഷി പാർട്ടിക്കുള്ളിൽ ശശീന്ദ്രൻ വിഭാഗത്തിനില്ല.
Crisis deepens in NCP: move to change minister AK Saseendran