
ലിസ്ബൺ: നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ ആരാധകർക്ക് ആവശേഷം പകർന്ന് സ്വന്തം യുട്യൂബ് ചാനലുമായി എത്തിയിരിക്കുകയാണ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. ‘ബെൽ ഐക്കൺ കുത്തിപ്പൊട്ടിക്കുന്ന’ കാഴ്ചയാണ് ഇപ്പോൾ ക്രിസ്റ്റ്യാനോയുടെ ചാനലിൽ. താരം യുട്യൂബ് ചാനൽ ആരംഭിച്ച വിവരം അറിഞ്ഞതിനു പിന്നാലെ നിരവധി പേരാണ് സബ്സ്ക്രൈബേഴ്സ് ആയി എത്തിയത്. ഇന്നലെ വൈകിട്ട് ആരംഭിച്ച ചാനലിന്റെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം ഇതിനകം ഒരു കോടി പിന്നിട്ടു.
‘കാത്തിരിപ്പ് അവസാനിച്ചു, ഒടുവിലിതാ എന്റെ യുട്യൂബ് ചാനല്‍ ഇതാ എത്തിയിരിക്കുന്നു! ഈ പുതിയ യാത്രയില്‍ എന്നോടൊപ്പം ചേരൂ, SIUUUscribe ചെയ്യൂ’- ക്രിസ്റ്റ്യാനോ കുറിച്ചു. സോഷ്യൽ മീഡിയയിലെ വിവിധ പ്ലാറ്റ്‌ഫോമുകളിലായി 917 മില്യണ്‍ ഫോളോവേഴ്‌സാണ് ക്രിസ്റ്റിയാനോയ്ക്കുള്ളത്. ബുധനാഴ്ച യുട്യൂബ് ചാനല്‍കൂടി തുടങ്ങിയതോടെ മുപ്പത്തൊന്‍പതുകാരന്റെ ഫോളോവേഴ്‌സ് കുത്തനെ ഉയരുകയാണ്. ഓരോ സെക്കന്‍ഡിലും ആയിരക്കണക്കിനു പേരാണ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തുകൊണ്ടിരിക്കുന്നത്.
യൂട്യൂബ് ചാനലില്‍, ഫുട്‌ബോള്‍ മാത്രമായിരിക്കില്ല, കുടുംബം, ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, ബിസിനസ് സംബന്ധമായ ഉള്ളടക്കങ്ങളും ഉണ്ടായിരിക്കുമെന്ന് ക്രിസ്റ്റ്യാനോ അറിയിച്ചു.
എക്സിൽ മാത്രം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 112.5 മില്യണിലധികം ഫോളോവേഴ്സുണ്ട്. ഫെയ്സ്ബുക്കിൽ 170 മില്യണിലധികവും ഇൻസ്റ്റഗ്രാമിൽ 636 മില്യണിലധികവുമാണ് സൂപ്പർതാരത്തിന്റെ ഫോളോവേഴ്സ്. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന സ്‌പോര്‍ട്‌സ് താരവും ക്രിസ്റ്റിയാനോ തന്നെ.