തെറ്റ് പറ്റിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിശ്വസിക്കുന്നുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നു, തിരുത്തി മുന്നോട്ട് പോകണം: മുഖാമുഖത്തില്‍ ടി. പത്മനാഭന്‍

തൃശൂര്‍: ഇന്നലെ തൃശൂരില്‍ നടന്ന സാംസ്‌കാരികപ്രവര്‍ത്തകരുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയില്‍ വെച്ച് മുഖ്യമന്ത്രിയെ ചെറുതായൊന്ന് വിമര്‍ശിച്ച് സാഹിത്യകാരന്‍ ടി. പത്മനാഭന്‍. ‘കേരള സര്‍ക്കാരിനുമേല്‍ ധാരാളം ആരോപണങ്ങളുണ്ട്. നമ്മുടെ മുഖ്യമന്ത്രി ധാരാളം പ്രവൃത്തികള്‍ ചെയ്യുന്നുണ്ട്. തെറ്റുപറ്റിയിരിക്കാം. തെറ്റുപറ്റിയിട്ടുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നുവെന്നാണ് പ്തമനാഭന്‍ പറഞ്ഞത്. മാത്രമല്ല, ആ തെറ്റുകള്‍ തിരുത്തി ധീരമായി മുന്നോട്ടുപോകുകയെന്നതാണ് ഒരു കര്‍മയോഗിയുടെ ചുമതലയെന്നും കേരളം ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പത്മനാഭന്റെ പരാമര്‍ശങ്ങളോട് പ്രതികരിക്കാതെ മന്ത്രി സജി ചെറിയാനെ വിമര്‍ശിച്ച കൂടിയാട്ടം കലാകാരന്‍ ശിവന്‍ നമ്പൂതിരിക്കും, കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനെപ്പറ്റി സംസാരിച്ച ഷിബു ചക്രവര്‍ത്തിയേയും മുഖ്യമന്ത്രി വിമര്‍ശിക്കാന്‍ മറന്നില്ല.

അതേസമയം, ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍വെച്ച് നടത്തിയ പരിപാടിയില്‍ ഉദ്ഘാടനത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് പുറത്തുപോകണമെന്നു നിര്‍ദേശിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരെ വിലക്കിയാണ് ബാക്കി പരിപാടികള്‍ മുന്നോട്ടുപേയത്.

അറിയിപ്പു കേള്‍ക്കാത്തവര്‍ക്കായി വാട്സാപ്പിലൂടെയും ഔദ്യോഗികമായി പുറത്തുപോകണമെന്ന് അഭ്യര്‍ഥിച്ചാണ് മാധ്യമപ്രവര്‍ത്തകരെ പൂര്‍ണമായും ഒഴിവാക്കിയത്. കണ്ണൂരില്‍ ദലിത്, ആദിവാസി പ്രതിനിധികളുമായി നടത്തിയ മുഖാമുഖം പരിപാടിയില്‍നിന്നും സമാനമായ രീതിയില്‍ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയിരുന്നു.

അതേസമയം, മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി സ്റ്റേജ് ഷോയാണെന്നും, മുന്‍കൂട്ടി നിശ്ചയിച്ച് ചോദ്യങ്ങള്‍ നല്‍കുകയും സര്‍ക്കാരിനെതിരെ ഒരു ചോദ്യവും ഇല്ലെന്ന് ഉറപ്പുവരുത്തിയുമാണ് പരിപാടി നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പരിപാടിക്കെതിരെ വിര്‍ശനം ഉന്നയിച്ചിരുന്നു.

More Stories from this section

family-dental
witywide