
ഡൽഹി: മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത നടപടിക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കഴിഞ്ഞ ഏപ്രിൽ മൂന്നിന് ഹർജിയിൽ അന്തിമ വാദം പൂർത്തിയായിരുന്നു. ഉച്ചക്ക് 2:30നാണ് വിധി പ്രസ്താവന. ജസ്റ്റിസ് സ്വരണ കാന്ത ശർമയാണ് വിധി പറയുന്നത്.
ഇഡിയുടെ അറസ്റ്റ് നിയമ വുരുദ്ധമാണെന്നും ജയിൽമോചിതനാക്കണമെന്നുമാണ് കെജ്രിവാളിന്‍റെ പ്രധാന ആവശ്യം. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തന്നെ മാറ്റി നിറുത്താനും അപമാനിക്കാനുമാണ് അറസ്റ്റ് നടത്തിയതെന്ന വാദമാണ് ഡൽഹി മുഖ്യമന്ത്രി പ്രധാനമായും ഉന്നയിച്ചത്. അന്വേഷണമില്ലാതെയാണ് അറസ്റ്റ് ചെയ്തതെന്നും ഭാവിയിൽ കുറ്റം കണ്ടെത്താമെന്ന വാദമാണ് റിമാൻഡ് റിപ്പോർട്ടിലുള്ളതെന്നും കെജ്രിവാൾ വാദിച്ചിരുന്നു.
ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാൾ നൽകിയ ഹർജി ഇക്കഴിഞ്ഞ മാർച്ച് 27ന് ഹൈക്കോടതി തള്ളിയിരുന്നു. മാർച്ച് 21ന് ഇഡി അറസ്റ്റ് ചെയ്ത അദ്ദേഹത്തെ വിചാരണക്കോടതി ആറ് ദിവസം ഇഡി കസ്റ്റഡിയിൽ വിട്ടിരുന്നു. പിന്നീട് കസ്റ്റഡി നാല് ദിവസം കൂടി നീട്ടി. ഏപ്രിൽ ഒന്നിന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് 15വരെ ജുഡീഷ്യൽ കസ്റ്റഡിൽ വിട്ടത്.
കെജ്രിവാളിനെ സംബന്ധിച്ചടുത്തോളം ഏറെ നിർണായകമാണ് ഇന്നത്തെ ഹൈക്കോടതിയുടെ വിധി. ജാമ്യം ലഭിച്ചാൽ അത് തിരഞ്ഞെടുപ്പ് കാലത്ത് കെജ്രിവാളിനും പ്രതിപക്ഷത്തിനും വലിയ മുതൽക്കൂട്ടാകും.









