
കൊച്ചി: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ വിമർശനവുമായി സംവിദായകൻ ആഷിഖ് അബു. രാഷ്ട്രീയമായി വിവരമില്ലെന്ന് മന്ത്രി സജി ചെറിയാൻ തെളിയിക്കുകയാണെന്ന് ആഷിഖ് അബു പറഞ്ഞു. എത്രയും പെട്ടെന്ന് സജി ചെറിയാന് പാർട്ടി ക്ലാസ് നൽകണമെന്നും ആഷിഖ് അബു ആവശ്യപ്പെട്ടു.
ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നയമല്ല സജി ചെറിയാൻ പറയുന്നത്. രഞ്ജിത് പദവിയിൽ തുടരാൻ അർഹനല്ല. സർക്കാർ അദ്ദേഹത്തെ മാറ്റിനിർത്തണമെന്നും ആഷിഖ് അബു ആവശ്യപ്പെട്ടു. ജഗദീഷിന്റെ വാക്കുകൾ പ്രതീക്ഷ നല്‍കുന്നുണ്ടെന്നും സിദ്ദിഖ് നല്ല അഭിനേതാവാണെന്നും ഇന്നലെയും അദ്ദേഹം അഭിനയിക്കുന്നതാണ് കണ്ടതെന്നും ആഷിഖ് അബു പറഞ്ഞു.
‘‘ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോൾ മുതൽ ഈ വിഷയത്തിൽ ഇടതുപക്ഷ മന്ത്രിമാർക്ക് തന്നെ ആശയക്കുഴപ്പമുണ്ട്. സാംസ്കാരിക മന്ത്രി പറയുന്നത് സാമാന്യ ബുദ്ധിവച്ച് മനസ്സിലാകുന്നതല്ല. അദ്ദേഹം വലിയൊരു മൂവ്മെന്റിന് എതിരെ നിൽക്കുകയാണ്. ആരെങ്കിലും അദ്ദേഹത്തെ ഉപദേശിക്കണം. സിനിമാ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ ഇതുവരെയുണ്ടായ പ്രസ്താവനകളൊന്നും ഇടതുപക്ഷത്തിന്റെ നയങ്ങളോട് ചേർന്നു നിൽക്കാത്തതാണ്. പരാതി ഉന്നയിച്ച സ്ത്രീയും ഒരു ഇടതു സഹയാത്രികയാണ്. പരാതിക്കാരിയുടെ പരാതിയെപറ്റി അന്വേഷിക്കാതെ വേട്ടക്കാരന്റെ വിശദീകരണത്തിൽ ഒതുങ്ങുകയാണ് മന്ത്രി. മന്ത്രിയുടെ നിലപാടിനോട് ശക്തമായ പ്രതിഷേധമാണുള്ളത്.
സജി ചെറിയാൻ വിചാരിച്ചാൽ ആരെയും സംരക്ഷിക്കാൻ പറ്റില്ല. ഈ വിഷയം സംസാരിക്കാൻ സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും വരണമെന്നാണ് പറയാനുള്ളത്. സർക്കാരിന്റെ പ്രഖ്യാപിത നിലപാടല്ല സജി ചെറിയാൻ പറയുന്നത്. രാഷ്ട്രീയമായി യാതൊരു വിവരവുമില്ലെന്ന് മന്ത്രി തെളിയിക്കുകയാണ്. അദ്ദേഹത്തിന് പാർട്ടി ക്ലാസ് കൊടുക്കണം. സർക്കാരിന്റെ പ്രഖ്യാപിത നിലപാടല്ല ഇത്. ഒന്നു രണ്ടു പേർ ഇങ്ങനെ പറയുന്നത് എന്തുകൊണ്ടെന്ന് ഞാനും ആശ്ചര്യപ്പെടുകയാണ്. അത് ഉടൻ തന്നെ തിരുത്തുമെന്നാണ് വിശ്വസിക്കുന്നത്. രഞ്ജിത്തിനെ സർക്കാർ പദവിയിൽ നിന്ന് മാറ്റി നിർത്തണം. പരാതി കൊടുക്കാന്‍ നടി തയാറാകും. നടി പറഞ്ഞത് ആരോപണമല്ല, വെളിപ്പെടുത്തലാണ്,’’ആഷിഖ് അബു പറഞ്ഞു.















