
ന്യൂഡല്‍ഹി: മഴയും ബെറില്‍ ചുഴലിക്കാറ്റും ടീം ഇന്ത്യയുടെ മടക്കയാത്രയെ ബാധിക്കുന്നു. നിലവില്‍ ഇന്ത്യന്‍ ടീം അംഗങ്ങള്‍ ബാര്‍ബഡോസില്‍ കുടുങ്ങിയിരിക്കുകയാണ്.
ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ച് ചരിത്രത്തില്‍ രണ്ടാം തവണയും ടി20 ലോകകപ്പ് ട്രോഫി നേടിയ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീമിനെ ആവേശോജ്ജ്വലമായി സ്വീകരിക്കാന്‍ കാത്തിരിക്കുന്ന ഇന്ത്യക്ക് നിരാശയാണിത് സമ്മാനിക്കുന്നത്.
ഇന്നലെ ബാര്‍ബഡോസില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കും അവിടെ നിന്ന് എമിറേറ്റ്‌സ് വിമാനത്തില്‍ ഇന്ത്യയിലേക്കും തിരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ കാലാവസ്ഥ വില്ലനായതോടെ മടക്കയാത്ര മാറ്റിവെക്കുകയായിരുന്നു. കാലാവസ്ഥ അനുകൂലമായാല്‍ ഇനി ചാര്‍ട്ടേര്‍ഡ് വിമാനത്തിലായിരിക്കും ടീം മടങ്ങുകയെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. ഇവിടെ നിന്ന് നേരെ ഡല്‍ഹിയിലേക്ക് ചാര്‍ട്ടര്‍ ഫ്ലൈറ്റ് ലഭ്യമാക്കാനാണ് പദ്ധതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയും പരിഗണനയിലുണ്ട്.
ബാര്‍ബഡോസില്‍ കാറ്റഗറി 4 ബെറില്‍ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. സപ്പോര്‍ട്ട് സ്റ്റാഫ്, കുടുംബാംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ ഏകദേശം 70 അംഗങ്ങളാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്.
അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിന്ന് ഉത്ഭവിച്ച ബെറില്‍ ചുഴലിക്കാറ്റ് മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ചുഴലിക്കാറ്റ് ബാര്‍ബഡോസില്‍ നിന്ന് 570 കിലോമീറ്റര്‍ കിഴക്ക്-തെക്ക് ദിശയിലാണ്. ബ്രിഡ്ജ്ടൗണിലെ വിമാനത്താവളം വൈകുന്നേരത്തോടെ അടച്ചിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.