കൊച്ചി: സോളാർ വിഷയം കത്തിനിന്ന കാലത്ത് കെ എം മാണിയെ മുഖ്യമന്ത്രിയാക്കിക്കൊണ്ട് ഉമ്മൻ ചാണ്ടി സർക്കാരിനെ അട്ടിമറിക്കാൻ സി പി എം ശ്രമം നടത്തിയെന്ന ആരോപണവുമായി ദല്ലാൾ നന്ദകുമാർ രംഗത്ത്. സോളാർ സമരം ഒത്തു തീർപ്പാക്കിയത് ജോൺ ബ്രിട്ടാസിന്‍റെ ഇടപെടിലൂടെയാണെന്ന മുതിർന്ന മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ ആരോപണത്തിന് പിന്നാലെയാണ് നന്ദകുമാർ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. കെ എം മാണിയെ ഇടതുപക്ഷത്ത് എത്തിച്ച് ഉമ്മൻ ചാണ്ടി സർക്കാരിനെ അട്ടിമറിക്കാനായിരുന്നു സി പി എം നീക്കമെന്നാണ് നന്ദകുമാർ പറയുന്നത്.
ഇ പി ജയരാജനും താനുമാണ് കെ എം മാണിയുമായി സംസാരിച്ചതെന്നാണ് നന്ദകുമാര്‍ വെളിപ്പെടുത്തിയത്. പി സി ജോർജാണ് മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന നിർദേശവുമായി തന്നെ സമീപിച്ചതെന്നും പിണറായി വിജയൻ ഫോണിൽ കെ എം മാണിയുമായി സംസാരിച്ചെന്നും നന്ദകുമാർ വിവരിച്ചു. ഉമ്മൻ ചാണ്ടി സർക്കാരിനെ അട്ടിമറിക്കാൻ ആദ്യം വിസമ്മതിച്ച കെ എം മാണി പിന്നീട് സമ്മതം മൂളിയെന്നും പക്ഷേ ജോസ് കെ മാണി നീക്കം പൊളിച്ചെന്നും നന്ദകുമാർ വിവരിച്ചു. യു ഡി എഫ് സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം പൊളിഞ്ഞതോടെയാണ് സോളാർ സമരത്തിൽ ഒത്തുതീർപ്പ് വേണ്ടിവന്നതെന്നും നന്ദകുമാർ വെളിപ്പെടുത്തി.