
ഡാളസ്: വലിയ നായകളെ ദത്തെടുക്കുന്നവർക്ക് 150 ഡോളർ ഗിഫ്റ്റ് കാർഡുകൾ വാഗ്ദാനം ചെയ്ത് ഡാളസ് അനിമൽ സർവീസസ്. അവധിക്കാലമായതിനാൽ വരുന്ന ആഴ്ചയിൽ നൂറുകണക്കിന് നായ്ക്കളെ ലഭിക്കാൻ സാധ്യതയുണ്ട്. ഇത് മുന്നിൽ കണ്ടാണ് അനിമൽ സർവീസസിന്റെ വാഗ്ദാനം.
300 നായ്ക്കളെ ഉൾകൊള്ളാനാകുന്ന സ്ഥലത്ത് നിലവിലുള്ളത് 482 നായ്ക്കളാണ്. 40 പൗണ്ടിൽ കൂടുതൽ ഭാരമുള്ള 150 നായ്ക്കളെ ദത്തെടുക്കുന്നവർക്ക് 150 ഡോളറിന്റെ ആമസോൺ ഗിഫ്റ്റ് കാർഡുകൾ ലഭിക്കും. വലിപ്പം കൂടിയ നായ്ക്കളെ ദത്തെടുക്കുന്നവർക്ക് രണ്ടാഴ്ചയക്ക് ശേഷം സമ്മാനം ഇമെയിൽ വഴി ലഭിക്കും. 40 പൗണ്ടോ അതിൽ കൂടുതലോ ഭാരമുള്ള നായയെ ഏറ്റെടുക്കുന്ന രക്ഷാപ്രവർത്തകർക്ക് ഗിഫ്റ്റ് കാർഡുകൾ ഉടൻ ലഭിക്കും.
വളർത്തുമൃഗങ്ങളുടെ ഉടമകളോട് വളർത്തുമൃഗങ്ങൾക്ക് മൈക്രോചിപ്പോ, ഐഡി ടാഗോ ഉണ്ടെന്ന് ഉറപ്പാക്കാൻ ഷെൽട്ടർ അധികൃതർ അറിയിച്ചു. കൊടുങ്കാറ്റുള്ളപ്പോഴും പടക്കങ്ങൾ പൊട്ടിക്കുന്ന സമയത്തും വളർത്തുമൃഗത്തിന് വീടിനുള്ളിൽ സുരക്ഷിതമായൊരു സ്ഥലം ഉണ്ടെന്ന് ഉറപ്പാക്കാനും, മൃഗങ്ങളെ ശ്രദ്ധിക്കാതെ മുറ്റത്തേക്ക് കടത്തിവിടരുതെന്നും നിർദേശം നൽകി.
“ഞങ്ങൾ നമ്മുടെ രാജ്യത്തെക്കുറിച്ച് അഭിമാനിക്കുന്നു. ഒരു രാഷ്ട്രമെന്ന നിലയിൽ ഞങ്ങൾ എത്രത്തോളം മുന്നോട്ടു വന്നു എന്നത് ആഘോഷിക്കാൻ കാത്തിരിക്കുകയാണ്. എന്നാൽ ജൂലായ് നാല് മൃഗക്ഷേമത്തിന്റെ കാര്യത്തിൽ അത്ര ഒരു രസകരമായ ആഴ്ചയല്ല,” ഷെൽട്ടർ അധികൃർ പറഞ്ഞു. അമേരിക്കയിലെ സ്വാതന്ത്ര്യദിനമാണ് ജൂലൈ നാല്. അവധിയും അന്നേ ദിവസത്തെ ആഘോഷങ്ങളും കണക്കിലെടുത്താണ് നായ്ക്കളെ ഷെൽട്ടർ ഹോമുകളിൽ പാർപ്പിക്കുന്നത്.