‘കലാപകാരികളെ ശിക്ഷിക്കണം, എനിക്ക് നീതിവേണം’; നാടുവിട്ടശേഷം ആദ്യമായി പ്രതികരിച്ച് ഷെയ്ഖ് ഹസീന

ഡൽഹി: ബംഗ്ലാദേശിലെ ‘കലാപകാരികൾ’ ശിക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. രാജിവച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തതിന് ശേഷമുള്ള ആദ്യ പ്രതികരണത്തിലാണ് ഷെയ്ഖ് ഹസീന ഇക്കാര്യം ആവശ്യപ്പെട്ടത്. തന്റെ പിതാവ് മുജിബുർ റഹ്മാന്റെ പ്രതിമ തകർത്തതിൽ നീതി വേണമെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് കൂടിയാണ് മുജിബുർ റഹ്മാൻ. ഹസീനയുടെ മകൻ സജീബ് വസേദ് എക്സിൽ പങ്കുവെച്ച മൂന്ന് പേജുള്ള വികാരനിർഭരമായ കുറിപ്പിലാണ് ഷെയ്ഖ് ഹസീനയുടെ പ്രതികരണം.

തന്റെ പിതാവ് കൊല്ലപ്പെട്ടതിനേക്കുറിച്ചും തുടർന്ന് അടുത്ത ബന്ധുക്കളെ നഷ്ടമായതിനെക്കുറിച്ചും ഹസീന പ്രസ്താവനയിൽ ഓർമ്മിപ്പിക്കുന്നു. മുജീബുർ റഹ്മാന്റെ കൊലപാതക വാർഷികത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15-ന് ദേശീയ ദുഃഖാചരണം മാന്യതയോടും ഗൗരവത്തോടേയും ആചരിക്കണമെന്ന് അവാമി ലീഗ് പ്രവർത്തകരെ അവർ ആഹ്വാനം ചെയ്തു.

“എന്നെപ്പോലെ ഉറ്റവരെ നഷ്ടമായവരെ ഓർത്ത് ഞാൻ സഹതപിക്കുന്നു. എല്ലാ ആത്മാക്കളുടേയും മോക്ഷത്തിനായി പ്രാർഥിക്കുക. പ്രക്ഷോഭത്തിന്റെ പേരിലുള്ള ഭീകരാക്രമണത്തിൽ കഴിഞ്ഞ ജൂലായ് മുതൽ നിരവധി ജീവനുകൾ നഷ്ടമായി. അവരുടെ ആത്മാവിനായി ഞാൻ പ്രാർഥിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു. ദശലക്ഷക്കണക്കിന് രക്തസാക്ഷികളുടെ രക്തത്തെയാണ് കലാപകാരികൾ അപമാനിച്ചത്. എനിക്ക് എന്റെ രാജ്യത്തുനിന്ന് നീതി വേണം,” ഹസീന എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

അതേസമയം ഷെയ്ഖ് ഹസീനയ്‌ക്കെതിരെ ചൊവ്വാഴ്ച ആദ്യമായി കൊലപാതക കുറ്റത്തിന് ബംഗ്ലാദേശ് സർക്കാർ കേസ് രജിസ്റ്റർ ചെയ്തു. പ്രക്ഷോഭത്തിനിടെ പൊലീസ് നടത്തിയ വെടിവെപ്പിൽ പലചരക്ക് വ്യാപാരി കൊല്ലപ്പെട്ട സംഭവത്തിലാണ് ഹസീന ഉൾപ്പടെ ആറുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

More Stories from this section

family-dental
witywide