
ബെര്‍ലിനിലെ ശാസ്ത്രജ്ഞര്‍ ഒരിക്കല്‍ അവരുടെ ലാബിലെ ഫിഷ് ടാങ്കുകളില്‍ നിന്ന് വ്യത്യസ്തമായ ശബ്ദം കേട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആ ശബ്ദമുണ്ടാക്കുന്നത് ആരാണെന്ന് അവര്‍ കണ്ടെത്തി. ഒരു ചെറിയ, മത്സ്യമായിരുന്നു ഇതിനു പിന്നില്‍. മത്സ്യങ്ങള്‍, പ്രത്യേകിച്ച് കുഞ്ഞന്‍ മത്സ്യങ്ങള്‍ താരതമ്യേന ഇത്ര വലിയ ശബ്ദം ഉണ്ടാക്കുന്നത് അവരെ അത്ഭുതപ്പെടുത്തി.
ഡാനിയോണല്ല സെറിബ്രം എന്ന മത്സ്യം സ്വിം ബ്ലാഡര്‍ എന്ന അവയവത്തില്‍ ശക്തമായ താളം പുറപ്പെടുവിക്കുന്നതായിരുന്നു ഈ ശബ്ദത്തിനു പിന്നിലെന്നായിരുന്നു ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. മത്സ്യത്തിന് അടുത്തുള്ള വെള്ളത്തില്‍, അത് 140 ഡെസിബെലായി പുറത്തേക്ക് തട്ടുന്നു. ഒരു വെടിയൊച്ച പോലെ ഉച്ചത്തിലാണ് ഈ ശബ്ദം പുറത്തുവരുന്നത്.
ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍വെച്ച് 12 മില്ലീമീറ്റര്‍ മാത്രം നീളമുള്ള ഈ മത്സ്യമാണ് ചെറിയ ശരീരംകൊണ്ട് ഏറ്റവും ഉച്ചത്തിലുള്ള ശബ്ദം പുറപ്പെടുവിക്കുന്നതെന്നും ഗവേഷകര്‍ വിശ്വസിക്കുന്നു. ഇവ പരസ്പരം ആശയവിനിമയം നടത്തുന്നതിന്റെ ഒരു രൂപമാണ് ഇത്തരത്തിലുള്ള ശബ്ദമെന്നാണ് ശാസ്ത്രലോകം കരുതുന്നത്.
കരയില്‍ വലുപ്പത്തിനനുസരിച്ചാണ് മൃഗങ്ങളുടെ, അല്ലെങ്കില്‍ ജീവികളുടെ ശബ്ദം എന്ന് നമുക്ക് അറിയാമെങ്കിലും വെള്ളത്തില്‍ കഥ വേറെയാണ്. പിസ്റ്റള്‍ ചെമ്മീന്‍ പോലെയുള്ള ജീവജാലങ്ങള്‍ക്ക് മറ്റ് ജീവികളെ വേട്ടയാടുമ്പോള്‍, ഏകദേശം 200 ഡെസിബെല്‍ വരെ വളരെ ഉച്ചത്തിലുള്ള ശബ്ദം സൃഷ്ടിക്കാന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ ഇതിനു മുമ്പ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഡാനിയോണല്ലയെ ശാസ്ത്രം വിലമതിക്കുന്നത് അതിന്റെ സുതാര്യമായ കുഞ്ഞന്‍ ശരീരത്തില്‍നിന്നും വരുന്ന വലിയ ശബ്ദത്തിന്റെ പ്രത്യേകത കൊണ്ടാണ്.















