മകള്‍ കമ്പനിതുടങ്ങിയത് ഭാര്യ വിരമിച്ചപ്പോള്‍ കിട്ടിയ പണംകൊണ്ട്, ഈ കൈകള്‍ ശുദ്ധം: മുഖ്യമന്ത്രി

തിരുവനന്തപുരം: മകൾ ടി.വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് എന്ന കമ്പനിക്കെതിരായ ആർഒസി റിപ്പോർട്ടിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മകൾ ബിസിനസ് തുടങ്ങിയത് ഭാര്യ കമലയുടെ പെൻഷൻ തുക ഉപയോഗിച്ചാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടന്ന അടിയന്തരപ്രമേയ ചർച്ചയിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മകൾക്ക് എതിരായ ആരോപണങ്ങളിൽ ഇതാദ്യമായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

‘‘എനിക്കും കുടുംബത്തിനും എതിരെ ഉയരുന്ന ആരോപണങ്ങള്‍ വ്യാജമാണ്. നിങ്ങൾ ആരോപണം ഉയർത്തൂ. ജനങ്ങൾ സ്വീകരിക്കുമോയെന്ന് കാണാം. ഒരു ആരോപണവും എന്നെ ഏശില്ല. കൊട്ടാരം പോലുളള വീട് എന്നൊക്കെ പറഞ്ഞത് ഇപ്പോൾ കേൾക്കുന്നില്ല. ബിരിയാണി ചെമ്പടക്കം മുൻപു പറഞ്ഞതൊന്നും നമ്മളെ ഏശില്ല’’ മുഖ്യമന്ത്രി പറഞ്ഞു.

“നേരത്തേ ഭാര്യയെ കുറിച്ചായിരുന്നു. ഇപ്പൊ മെല്ലെ മകളിലേക്ക് എത്തിയിട്ടുണ്ട്. കാണേണ്ട കാര്യം എന്താന്നറിയോ, മകള് ബംഗളൂരുവിൽ കമ്പനി തുടങ്ങിയത്, എന്റെ ഭാര്യ, അവളുടെ അമ്മ റിട്ടയര്‍ ചെയ്തപ്പോൾ കിട്ടിയ കാശ്, അത് ബാങ്കില്‍ നിന്ന് എടുത്ത് കൊടുക്കുകയായിരുന്നു. നീ പോയിട്ട് നിന്റെതായ കമ്പനി തുടങ്ങ്. സ്വന്തമായിട്ട്, ചെറിയ കമ്പനി തുടങ്ങിയാ മതി, എന്ന് പറഞ്ഞിട്ട് തുടങ്ങുകയായിരുന്നു. അപ്പൊ അതില്‍നിന്ന് വന്നതുകൊണ്ടുതന്നെ ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍ എനിക്കൊരു മാനസിക കുലുക്കവും ഉണ്ടാകില്ല,” പിണറായി വിജയന്‍ പറഞ്ഞു.

More Stories from this section

family-dental
witywide