മോദിയുടെ മുസ്ലിം വിദ്വേഷ പ്രസംഗത്തെ വിമർശിച്ചു: ബിജെപി ബിക്കാനീർ ന്യൂനപക്ഷ സെൽ മുൻ മേധാവി അറസ്റ്റിൽ

ജയ്പൂർ: രാജസ്ഥാനിലെ ബൻസ്‌വാരയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ മുസ്ലിം വിദ്വേഷ പ്രസംഗത്തെ ചോദ്യം ചെയ്തതിനെ തുടർന്ന് മുൻ ബിക്കാനീർ ന്യൂനപക്ഷ സെൽ പ്രസിഡന്റ് ഉസ്മാൻ ഘനി അറസ്റ്റിൽ. ക്രമസമാധാനം തകർക്കുന്ന പരാമർശം നടത്തി എന്നതാണ് ഘനിക്ക് മേൽ ചുമത്തിയിരിക്കുന്ന കുറ്റം. മൂന്ന് ദിവസം മുമ്പ് മുതൽ ഘനിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കമുണ്ടായെങ്കിലും ഇയാൾ ഇന്നലെ മുക്ത പ്രസാദ് നഗർ പോലീസ് സ്റ്റേഷനിലെത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മുൻകരുതൽ നടപടിയെന്ന നിലയിൽ രണ്ട് മൂന്ന് ദിവസം മുമ്പ് ഘനിയുടെ താമസ സ്ഥലത്തേക്ക് പോലീസ് വാഹനം അയച്ചതിന് ശേഷമാണ് ഘനി ശനിയാഴ്ച ഉച്ചയോടെ പോലീസ് സ്റ്റേഷനിലെത്തിയതെന്ന് മുക്ത പ്രസാദ് നഗർ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ധീരേന്ദ്ര ഷെഖാവത്ത് പറഞ്ഞു. അദ്ദേഹം പ്രധാനമന്ത്രിക്കെതിരെ ഒരു പ്രസ്താവന ഇറക്കിയിരുന്നു. അതിന് ശേഷം ഡൽഹിയിലായിരുന്നു. തന്റെ വീട്ടിലേക്ക് പൊലീസ് വാഹനം വിട്ടതിനെ ശനിയാഴ്ച്ച സ്റ്റേഷനിലെത്തിയ ചോദ്യം ചെയ്യുകയും തുടർന്ന് ഘനിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു എന്നും ധീരേന്ദ്ര ഷെഖാവത്ത് പറഞ്ഞു.

തിരഞ്ഞെടുപ്പ് റാലിയിൽ വെച്ച് പ്രധാനമന്ത്രി നടത്തിയ വിദ്വേഷ പരാമർശങ്ങളെ ഉസ്മാൻ ഘനി ശക്തമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ ആറ് വർഷത്തേക്ക് അദ്ദേഹത്തെ പാർട്ടിയിൽ സസ്പെൻഡ് ചെയ്യുകയായിരുന്നു. സമ്പത്തിന്റെ പുനര്‍വിതരണം സംബന്ധിച്ച് രാജസ്ഥാനിലെ ബൻസ്വാര ലോക്സഭാ മണ്ഡലത്തിൽ വെച്ച് മോദി നടത്തിയ വിദ്വേഷ പ്രസംഗത്തെ വിമർശിച്ചാണ് ഉസ്മാൻ ഘനി രംഗത്തെത്തിയത്.

‘സമ്പത്ത് പിടിച്ചെടുത്ത് മുസ്ലിങ്ങൾക്ക് വിതരണം ചെയ്യുന്നു എന്ന മോദിയുടെ പ്രസ്താവന നിരാശാജനകമാണ്. ഞാൻ ഒരും ബിജെപി അംഗമാണ്. മുസ്ലിംങ്ങൾക്കിടയിൽ വോട്ട് ചോദിച്ചു പോകുമ്പോൾ അവർ എന്നോട് പ്രധാനമന്ത്രിയുടെ പരാമർശത്തെക്കുറിച്ച് ചോദിക്കുന്നു, ഞാൻ കുഴങ്ങുകയാണ്. ഇതുപോലെ ഇനി സംസാരിക്കരുത് എന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതും,’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

More Stories from this section

family-dental
witywide