
ദില്ലി: ദൂരദര്ശൻ ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയില്‍ നിറം മാറ്റി. കാവി നിറത്തിലുള്ള പുതിയ ലോഗോ ഇന്നലെ മുതലാണ് പ്രദർശിപ്പിച്ച് തുടങ്ങിയത്. സർക്കാർ ചാനലായ ദൂരദർശൻ ഭരണപക്ഷത്തിന് അനുകൂലമായ വാര്‍ത്തകളും പരിപാടികളും സംപ്രേഷണം ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം നിലനില്‍ക്കെയാണ് ലോഗോയുടെ നിറത്തിലും മാറ്റം വരുന്നത്.
ലോഗോക്കെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനമുയർന്നു. വിവാദ സിനിമ ‘ദ കേരള സ്റ്റോറി’ സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടും ദൂരദര്‍ശനെതിരെ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പിന്നാലെയാണ് പുതിയ വിവാദം.
നേരത്തെ നരേന്ദ്ര മോദിയും മൈക്രോസോഫ്റ്റ് സ്ഥാപകൻ ബില്‍ ഗേറ്റ്സും തമ്മിലുള്ള അഭിമുഖം സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടും ദൂരദര്ശൻ വിവാദത്തിലായിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധമുയര്‍ന്നതോടെ അഭിമുഖം സംപ്രേഷണം ചെയ്യാൻ പ്രസാര്‍ഭാരതിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി കിട്ടിയിരുന്നില്ല.
DD News change Logo color in to saffron