
കോഴിക്കോട്: പൂക്കോട് വെറ്ററിനറി യൂനിവേഴ്സിറ്റിയിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകിയെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. ഡീനിന്റെ ഭാഗത്തു നിന്ന് ശ്രദ്ധക്കുറവുണ്ടായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
വാർഡനെന്ന നിലയിൽ ഡീൻ ഹോസ്റ്റലിൽ പോയില്ല. യൂനിവേഴ്സിറ്റിയിലെ ജീവനക്കാരുടെ കുറവ് ഡീൻ പറയണ്ട. സ്വന്തം ചുമതല നിർവഹിക്കുകയാണ് ഡീൻ ചെയ്യേണ്ടിയിരുന്നതെന്നും മന്ത്രി പറഞ്ഞു. ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനാണ് അസിസ്റ്റന്റ് വാർഡൻ. എല്ലാ ദിവസവും ഹോസ്റ്റലിൽ പോയി റിപ്പോർട്ട് എടുക്കേണ്ട ചുമതല ഇരുവർക്കുമുണ്ട്. റിപ്പോർട്ട് പ്രകാരം വീഴ്ച സംഭവിച്ചതായി മനസിലായ സാഹചര്യത്തിലാണ് അന്വേഷണ വിധേയമായി സ്പെൻഡ് ചെയ്യാൻ നിർദേശം നൽകിയതെന്നും മന്ത്രി പറഞ്ഞു.
വെറ്ററിനറി യൂനിവേഴ്സിറ്റിയിലെ ഹോസ്റ്റലിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും സുരക്ഷാജീവനക്കാരനെ നിയമിക്കുമെന്നും മന്ത്രി ചിഞ്ചുറാണി അറിയിച്ചു.
പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ പ്രതികരിച്ച് സർവകലാശാല ഡീൻ ഡോ.എം.കെ.നാരായണൻ രംഗത്തെത്തിയിരുന്നു. സിദ്ധാർഥന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചിരുന്നുവെന്ന് ഡീൻ പറഞ്ഞു. അസിസ്റ്റന്റ് വാർഡനാണ് ആത്മഹത്യ ശ്രമമുണ്ടായെന്ന വിവരം തന്നെ അറിയിച്ചത്. ഉടൻ തന്നെ താൻ ഹോസ്റ്റലിലെത്തി സിദ്ധാർഥനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.