
ഡല്‍ഹി: അമേഠി, റായ്ബറേലി സീറ്റുകളില്‍ സ്ഥാനാർത്ഥി പ്രഖ്യാപനം സംബന്ധിച്ച സസ്പെൻസ് ഇന്നവസാനിച്ചേക്കും.നിർണായകമായ കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് വൈകീട്ട് ചേരും. തുടർഘട്ടങ്ങളിലെ സ്ഥാനാർത്ഥികളെ ഇന്ന് ചേരുന്ന തെരഞ്ഞെടുപ്പ് സമിതി യോഗം പ്രഖ്യാപിക്കും. അമേഠിയില്‍ രാഹുലും റായ്ബറേലിയില്‍ പ്രിയങ്കയും ഗാന്ധിയും മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
മെയ് ആദ്യ വാരം രാഹുൽ അമേഠിയിൽ നാമനിർദേശപത്രിക സമർപ്പിക്കും വിധമാകും പ്രഖ്യാപനം. അമേഠിയിൽ മെയ് 20നാണ് തിരഞ്ഞെടുപ്പ് നടക്കുക. റായ്ബറേലി മണ്ഡലത്തിലെ പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വ നിർദേശത്തിലും തീരുമാനം ഉടനുണ്ടായേക്കും. ഇരു മണ്ഡലങ്ങളിലെയും നേതാക്കളുടെയും ഭാരവാഹികളുടെയും യോഗം പ്രിയങ്ക വിളിച്ചിരുന്നു. പ്രിയങ്ക മത്സരിച്ചാല്‍ റായ്ബറേലിയില്‍ വരുണ്‍ ഗാന്ധിയെ ബിജെപി പരീക്ഷിച്ചേക്കുമെന്നും അഭ്യൂഹമുണ്ട്.
റായ്ബറേലിയിൽ മത്സരിക്കാനായി വരുൺ ഗാന്ധിയ്ക്ക് മേൽ സമ്മർദം ശക്തമാക്കുകയാണ് ബിജെപി. റായ്ബറേലിയിൽ മത്സരിക്കാനില്ലെന്ന നിലപാട് പിൻവലിക്കണമെന്ന് വരുണിനോട് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ബിജെപി നടപടി. വരുൺ റായ്ബറേലിയിൽ മത്സരിച്ചാൽ അനുകൂലമാകുമെന്ന് ബിജെപി വിലയിരുത്തൽ.